ജിദ്ദ : സാമ്രാജ്യത്വ അധിനിവേശ ശക്തികളുടെ ധിക്കാരത്തിന് മുന്പില് മുട്ട് മടക്കാതെ സ്വതന്ത്രസമര ഭൂമിയില്‍ ജീവരക്തം കൊണ്ട് ചരിത്രം രചിച്ച മലബാറിന്റെ സമര ഭൂമികയില്‍ വള്ളുവന്പ്രം അത്താണിക്കലിലെ മഖ്ദൂമിയ്യ ഇസ്ലാമിക് കോംപ്ലക്സ് (എം.ഐ.സി.) സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ഏല്‍പ്പിച്ച ആഘാതത്തില്‍ പിന്നോക്കം പോവേണ്ടിവന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസവും സാംസ്കാരികവുമായ വളര്‍ച്ചയായിരുന്നു എം.ഐ.സി. യുടെ സ്ഥാപന ലക്ഷ്യം.
1985 ല്‍ ആരംഭിച്ച എം.ഐ.സി. യില്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം അനാഥരെ സംരക്ഷിക്കുന്ന യതീംഖാനകളില്‍ ഒന്നാണ് എം.ഐ.സി.. ഇവര്‍ക്ക് എല്‍ .കെ.ജി മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഭക്ഷണവും വസ്ത്രവും മറ്റ് താമസ സൗകര്യങ്ങളുമെല്ലാം കമ്മിറ്റി സൗജന്യമായി നല്കിവരുന്നു. കൂടാതെ പെരുന്നാള്‍ പോലുള്ള ആഘോഷ വേളകളില്‍ യതീം കുട്ടികളുടെ അഭിരുചിക്ക് അനുസൃതമായ വസ്ത്രങ്ങള്‍ അവര്‍ക്ക് തന്നെ തെരഞ്ഞെടുക്കാന്‍ കമ്മിറ്റി അവസരം നല്കുന്നു.
ഹയര്‍ സെക്കന്ററി സ്കൂളിന് പുറമെ ബി.എ. ഇംഗ്ലീഷ്, ബി.കോം. ഡിഗ്രികളുള്ള ആര്‍ട്സ് കോളേജും ഉള്‍കൊള്ളുന്ന എം.ഐ.സി. യില്‍ എസ്.എസ്.എല്‍ . സി. ആരംഭിച്ചത് മുതല്‍ നൂറ് ശതമാവം വിജയം കൈവരിച്ചു വരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഏരിയാ ഇന്റര്‍സീവ് പ്രോഗ്രാമിന്റെ കീഴില്‍ അനുവദിച്ച എല്‍ .പി. സ്കൂളും ഈ വിദ്യാഭ്യാസ സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പുതിയ ഐ.ടി.സി. യും ആരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മൂന്നു നിലകളുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയും കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍ . എ. , കെ. മമ്മദ് ഫൈസി, കെ.ഐ. മുഹമ്മദ് ഹാജി, അരിന്പ്ര ബാപ്പു, പൂന്തല ബീരാന് കുട്ടി ഹാജി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും, ടി.വി. ഇബ്റാഹീം ജനറല്‍ സെക്രട്ടറിയും എ.എം. കുഞ്ഞാന് ട്രഷററുമായ കമ്മിറ്റിയുടെയ മേല്‍നോട്ടത്തിലാണ് ഈ സ്ഥാപനം നടന്നുവരുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പുതിയ പ്രസിഡന്റ്.
സില്‍വര്‍ ജൂബിലി പ്രചാരണാര്‍ത്ഥം സൌദി അറേബ്യ സന്ദര്‍ശിക്കുന്ന കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍ . എ. യും ടി.വി. ഇബ്രാഹീമും എം.ഐ.സി. ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് എന്‍ . മുഹമ്മദിന്റെ അധ്യക്ഷതയില്‍ ഷറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ഒ.കെ.എം. മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഈസ കുട്ടി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ. , ടി.വി. ഇബ്രാഹീം, അബ്ദുഹാജി മൊറയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അരിന്പ്ര അബൂബക്കര്‍ സ്വാഗതവും എന്‍ . അലവി നന്ദിയും പറഞ്ഞു.