ഹാജി കെ മമ്മദ് ഫൈസി അര്‍പ്പിത സേവനത്തിന്റെ അനുപമ മാതൃക: പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ

പെരിന്തല്‍മണ്ണ : അര്‍പ്പിത സേവനത്തിന്റെ അനുപമ മാതൃകയായിരുന്നു ഹാജി കെ. മമ്മദ് ഫൈസിയെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. ജാമിഅഃ നൂരിയ്യയില്‍ നടന്ന മമ്മദ് ഫൈസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വലിയ മത പണ്ഡിതനായിരിക്കെ ബിസിനസ്സുകാരനായും, വിദ്യഭ്യാസ പ്രവര്‍ത്തകനായും മത-രാഷ്ട്രീയ രംഗങ്ങളിലെ മികച്ച സംഘാടകനായും പ്രതിഭ തെളിയിച്ച ഫൈസിയുടെ വ്യക്തിത്വം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അനാഥ സംരക്ഷണ മേഖലകളിലുമെല്ലാം ഫൈസിയുടെ സേവനം നിസ്തുലവും അനുകരണീയവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഇ. ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, എ.ടി മുഹമ്മദലി ഹാജി സംസാരിച്ചു.
- JAMIA NOORIYA PATTIKKAD