പരിസ്ഥിതിയെ സംശുദ്ധമാക്കൽ വിശ്വാസത്തിന്റെ ഭാഗം: ഹമീദലി ശിഹാബ് തങ്ങൾ

വിഖായ പ്രവർത്തകർ ഇന്ന് ഒരു ലക്ഷം വൃക്ഷ തൈ നടും
പെരിന്തൽമണ്ണ: പരിസ്ഥിതിയെ സംരക്ഷിക്കുന്നതും അതിന്റെ തനിമ നിലനിർത്തുന്നതും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സന്നദ്ധ വിഭാഗമായ വിഖായ പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരൂർക്കാട് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുന്നതും അതിന്റെ ഫലങ്ങൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഉപയുക്തമാക്കുന്നതും മതത്തിൽ പുണ്യകർമമായാണ് പഠിപ്പിക്കുന്നത്. അത് നശിപ്പിക്കുന്നത് തിന്മയും പ്രവാചകാധ്യാപനങ്ങൾക്ക് വിരുദ്ധവുമാണ്.
പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വിഖായ പ്രവർത്തകർ ഒരു ലക്ഷം തൈകൾ നട്ട് പിടിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ നട്ടുപിടിപ്പിച്ച തൈകൾ കൃത്യമായി പരിചരിച്ചവർക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ബോധവത്കരണം, മാലിന്യ നിർമാർജനം തുടങ്ങിയ പ്രവർത്തനങ്ങൾക്കും വിഖായ പ്രവർത്തകർ നേതൃത്വം നൽകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജലീൽ ഫൈസി അരിമ്പ്ര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശമീർ ഫൈസി ഒടമല, വിഖായ സംസ്ഥാന ചെയർമാൻ സലാം ഫറോഖ്, കൺവീനർ സൽമാൻ ഫൈസി തിരൂർക്കാട്, നിസാം ഓമശേരി, പി. ടി അൻവർ ഹുദവി, കെ. ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ, ശമീർ നാട്ടുകൽ, കെ കെ ശരീഫ് ഫൈസി, ശിഹാബ് പേരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വൃക്ഷ തൈകൾ വെച്ചു പിടിപ്പിക്കുന്നതിന്‍റെ സംസ്ഥാന തല ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തിരൂര്‍ക്കാട് അന്‍വാര്‍ ഹയർ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിർവഹിക്കന്നു
- SKSSF STATE COMMITTEE