ബാലനീതി നിയമം; സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം: സമസ്ത

കോഴിക്കോട്: യതീംഖാനകള്‍ക്ക് ബാലനീതി നിയമം ബാധകമാക്കരുതെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വാദം അംഗീകരിച്ചു കൊണ്ടുള്ള സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നടത്തുന്ന നിയമ പോരാട്ടത്തിനും സമസ്തയുടെ സത്യസന്ധമായ നിലപാടിനും കൂടിയുള്ള അംഗീകാരമാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അദ്ധ്യക്ഷനായ രണ്ടംഗ സുപ്രിം ബെഞ്ചിന്റെ ഈ ഇടക്കാല ഉത്തരവ്.
യതീംഖാനകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ജസ്റ്റിസുമാരെയും സമസ്തക്കുവേണ്ടി കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബല്‍, ഹുസൈഫ അഹ്മദി, പി.എസ്.സുല്‍ഫിക്കര്‍ അലി എന്നിവരെയും, സമസ്തയുടെ ലീഗല്‍ ചുമതല വഹിക്കുന്ന അഡ്വ.മുഹമ്മദ് ത്വയ്യിബ് ഹുദവിയെയും സഹകരിച്ച സ്ഥാപന ഭാരവാഹികളെയും തങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു.
- Samasthalayam Chelari