തീവ്രവാദത്തെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ത്ത് തോ്ല്‍പിക്കണമെന്ന് ഡോ.കെ.എസ് രാധാകൃഷ്ണന്‍
കൊച്ചി: തീവ്രവാദികള്‍ സമൂഹത്തില്‍ ഭയം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും തീവ്രവാദത്തെ സമൂഹം ഒറ്റക്കെട്ടായി തന്നെ എതിര്‍ക്കണമെന്നും പി.എസ്.സി മുന്‍ചെയര്‍മാനും കാലടി സംസ്‌കൃതസര്‍വകലാശാല മുന്‍ വൈസ്് ചാന്‍സിലറുമായ ഡോ.കെ.എസ് രാധാകൃഷ്ണന്‍. തീവ്രവാദത്തിന്റെ മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവിഭാഗം തീവ്രവാദികളുടെയും പൊതുസ്വഭാവം ഒന്നാണ്. സമൂഹത്തെ ഭയപ്പെടുത്തികൊണ്ടു രാഷ്ട്രീയനേട്ടം നേടുകയാണ് ഇവരുടെ ലക്ഷ്യം. കാംപസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും ചെയ്യാന്‍ ശ്രമിക്കുന്നതും അതാണ്. നക്‌സലൈറ്റുകളും മവോ വാദികളുമെല്ലാം ചെയ്യുന്നതും ഭയം സൃഷ്ടിക്കാനാണ്. മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി ദാരുണമായി കൊലചെയ്യപ്പെട്ട വിഷയത്തില്‍ ബുദ്ധിജീവികളും രാഷ്ട്രീയ നേതൃത്വങ്ങളും വേണ്ടത്ര പ്രതികരിച്ചുകണ്ടില്ല. പലരും ഭയം മൂലമാണ് പ്രതികരിക്കാത്തതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. നാം അവരെ ഭയന്ന് മിണ്ടാതിരുന്നാല്‍ തീവ്രവാദികളാണ് വിജയിക്കുക. കേരളത്തിലെ മൂസ്ലിംജനതയുടെ മുന്നേറ്റങ്ങളെ തടയിടുവാന്‍ മാത്രമേ പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള തീവ്രപ്രസ്ഥാനങ്ങളുടെ നടപടി ഉപകരിക്കുകയുള്ളു. മതത്തിന്റെ കാര്യത്തില്‍ പോലും മിതത്വം പാലിക്കണമെന്ന് അനുശാസിക്കുന്ന ഇസ്ലാമില്‍ എങ്ങനെയാണ് തീവ്രത കടന്നുവരുന്നത്. വഹാബിസമാണ് ഇസ്ലാമില്‍ തീവ്രവാദചിന്താഗതികള്‍ക്ക് തുടക്കം കുറിച്ചത്. തീവ്രവാദം സമൂഹത്തിലെ സാധാരണക്കാരുടെ ജനജീവിതത്തെയാണ് താളം തെറ്റിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് തീവ്രവാദത്തിനെതിരെ അവസരോചിതമായി സംഘടിപ്പിച്ച ജനജാഗ്രതാസദസ് മാതൃകാപരവും അഭിനന്ദനീയവുമാണ്. മതത്തിന്റെ മുഖം വികൃതമാക്കാനാണ് തീവ്രവാദികളായ ചെറുസംഘത്തിന്റെ നീക്കം മതവിശ്വാസികള്‍ തുറന്നുകാണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താന്‍ കഴിയണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ പറഞ്ഞു. എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണെന്നും ഇവരുടെ നീക്കങ്ങളെല്ലാം വൈകാരിക താല്‍പര്യത്തിന് അപ്പുറം രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയുടെ ആദ്യരൂപമായ എന്‍.ഡി.എഫ് രൂപീകരിച്ച കാലം മുതല്‍തന്നെ മുസ്ലിം യുവജനപ്രസ്ഥാനങ്ങള്‍ ഇവര്‍ക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുള്ളതാണെന്നും ഇവരുമായി സന്ധിചെയ്യുന്നവരെ കുറിച്ച് കൂടുതല്‍ ജാഗ്രത അനുവാര്യമാണെന്നും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.സാദിഖലി പറഞ്ഞു. ആശയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് ആയുധമെടുക്കുന്നതെന്നും ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത് തീവ്രവാദമല്ല തനി വര്‍ഗീയത തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത എറണാകുളം ജില്ലാ ജനറല്‍സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, ബഷീര്‍ ഫൈസി ദേശമംഗലം, ഹബീബ് ഫൈസി കോട്ടേപാടം എന്നിവര്‍ പ്രസംഗിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, അബൂക്കര്‍ ഫൈസി , എ.എം പരീത്, അബ്ദുല്ലാ തങ്ങള്‍, സുബൈര്‍ മാസ്റ്റര്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, സയ്യിദ് ഫക്രൂദ്ദീന്‍ തങ്ങള്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം ഫൈസല്‍ നന്ദിയും പറഞ്ഞു.
For video, please click here
- https://www.facebook.com/SKSSFStateCommittee/