മദ്‌റസാധ്യാപകര്‍ക്ക് പതിനേഴര ലക്ഷം രൂപ ധനസഹായം

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് ജൂണ്‍, ജൂലൈ മാസങ്ങളില്‍ പതിനേഴ് ലക്ഷത്തി അറുപതിനായിരത്തി മുന്നൂറ് രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 35 പേര്‍ക്ക് 5,85,700 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 79 പേര്‍ക്ക് 9,54,600 രൂപയും ചികിത്സാ സഹായമായി 7 പേര്‍ക്ക് 55,000 രൂപയും അടിയന്തിര സഹായമായി 5 പേര്‍ക്ക് 75,000 രൂപയും, വിധവാ സഹായമായി 5 പേര്‍ക്ക് 75,000 രൂപയും കിണര്‍, കക്കൂസ് നിര്‍മാണ സഹായമായി 15,000 രൂപയും കൂടി മൊത്തം 17,60,300 രൂപയാണ് സഹായമായി നല്‍കിയത്.
മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എ. ചേളാരി എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen