ദേശീയപാത വികസനം; വഖ്ഫ് സ്ഥാപനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണം
ചേളാരി: ദേശീയപാത-66 വികസനത്തിനുവേണ്ടി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിന് വിധേയമായ വഖ്ഫ് സ്ഥാപനങ്ങളുടെ നഷ്ടപരിഹാരതുക ലഭിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണമെന്ന് വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വഖ്ഫ് സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും പൊളിച്ചുമാറ്റപ്പെടുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന് വേണ്ടി സ്ഥലങ്ങള്‍ വാങ്ങാനും കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും നഷ്ടപരിഹാര തുക അതാത് കമ്മിറ്റികളുടെ എക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളു. വഖ്ഫ് നിയമ പ്രകാരം വഖ്ഫ് ബോര്‍ഡിന്റെ എക്കൗണ്ടിലേക്കാണ് നഷ്ടപരിഹാര തുക നല്‍കുന്നത്. ഈ തുക വഖ്ഫ് ബോര്‍ഡില്‍ നിന്നും സ്ഥാപന നടത്തിപ്പുകാര്‍ക്ക് ലഭിക്കണമെങ്കില്‍ സങ്കീര്‍ണമായ നടപടി ക്രമമാണ് നിലവിലുള്ളത്. ഇത് ലഘൂകരിച്ചാല്‍ മാത്രമെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളുവെന്ന് യോഗം വിലയിരുത്തി.
നഷ്ടപരിഹാര തുക യഥാസമയം സ്ഥാപന നടത്തിപ്പുകാര്‍ക്ക് ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ രക്ഷാധികാരിയും കെ.ടി അബ്ദുല്‍ജലീല്‍ ഫൈസി ചെയര്‍മാനും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി കണ്‍വീനറുമായി സമിതിക്ക് രൂപം നല്കി.
ചേളാരിയില്‍ ചേര്‍ന്ന യോഗം സമസ്ത ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി അബ്ദുല്‍ജലീല്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. കെ.ടി അബ്ദുല്ല ഫൈസി, ഒ.സി ഹനീഫ, എ.എം അബ്ദുസ്സമദ്, സി.വി സക്കരിയ്യ, അബ്ദുല്ലത്തീഫ് കഞ്ഞിപ്പുര, അബ്ദുസ്സലാം പൂവ്വഞ്ചിന, സി.പി ഹംസ ഹാജി, ടി. അബ്ദുറഹിമാന് രണ്ടത്താണി, കുഞ്ഞാലന്‍കുട്ടി എന്ന ബാവ ഹാജി, മുഹമ്മദലി ഇടിമുഴിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി സ്വാഗതവും നൗഫല്‍ വലിയപറമ്പ് നന്ദിയും പറഞ്ഞു.
- Samasthalayam Chelari