ബാഫഖി തങ്ങള്‍ അനുസ്മരണവും 50-ാം ആണ്ടും ജൂലൈ 24ന് ജാമിഅയില്‍

പട്ടിക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ സ്ഥാപക പ്രസിഡണ്ടും ഇന്ത്യന്‍ മുസ്ലിംങ്ങളുടെ അഭിമാന നായകനുമായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ 50-ാം ആണ്ട് ദിന പരിപാടികള്‍ ജൂലൈ 24 ശനിയാഴ്ച ജാമിഅഃ നൂരിയ്യയില്‍ തുടക്കമാവും. ബാഫഖി തങ്ങളുടെ അമ്പതാം ആണ്ടിനോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളാണ് ജാമിഅഃ നൂരിയ്യഃ വിഭാവനം ചെയ്യുന്നത്.

ഇന്ത്യന്‍ മുസ്ലിംങ്ങളുടെ നാനോന്മുഖ പുരോഗതിയില്‍ വലിയ പങ്ക് വഹിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മത-രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം മുസ്ലിംങ്ങളുടെ അവസാന വാക്കായിരുന്നു. മതേതര കേരളത്തിന്റെ ഭരണ സംവിധാനങ്ങള്‍ക്കടക്കം മാതൃക സൃഷ്ടിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ കേരളീയ മുസ്‌ലിംങ്ങളുടെ വൈജ്ഞാനിക നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്നണിപ്പോരാളിയായിരുന്നു. സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പതിനായിരം മദ്രസകള്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ ഏറെ സ്മരിക്കപ്പെട്ടത് ബാഫഖി തങ്ങളായിരുന്നു. ഉന്നത മത വിദ്യാഭ്യാസ രംഗത്ത് ജാമിഅഃ നൂരിയ്യക്ക് നേതൃത്വം നല്‍കിയ തങ്ങള്‍ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഏറെ പ്രയത്നങ്ങള്‍ നടത്തീട്ടുണ്ട്. ഫാറൂഖ് കോളേജ് അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കാളിയായിരുന്നു ബാഫഖി തങ്ങള്‍.

ജാമിഅഃ നൂരിയ്യഃ സ്ഥാപിക്കുക മാത്രമല്ല ജാമിഅയുടെ നടത്തിപ്പിനാവശ്യമായ വരുമാന മാര്‍ഗങ്ങളും കണ്ടെത്തിയാണ് ബാഫഖി തങ്ങള്‍ നമ്മോട് വിടപറഞ്ഞത്. കോഴിക്കോട് നഗരിയിലടക്കമുള്ള ഒട്ടേറെ വാടക കെട്ടിടങ്ങളും ജാമിഅയുടെ പ്രഥാന വരുമാന മാര്‍ഗങ്ങളിലൊന്നായ തെങ്ങിന്‍ തോപ്പുകള്‍ പ്ലാന്റ് ചെയ്യുന്നതിലും മുന്നില്‍ നിന്നത്് ബാഫഖി തങ്ങളായിരുന്നു. തങ്ങള്‍ നമ്മെ വിട്ട് പിരിഞ്ഞ് അമ്പത് വര്‍ഷം തികയുമ്പോള്‍ തങ്ങള്‍ തുടക്കം കുറിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മറ്റു പ്രയത്നങ്ങളും സാമൂഹിക വിദ്യാഭ്യാസ രംഗത്ത് എത്രത്തോളം മാറ്റങ്ങളുണ്ടാക്കി എന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയിലുള്ള വലിയൊരി കാമ്പയിനാണ് ജാമിഅഃ നൂരിയ്യഃ ലക്ഷ്യമാക്കുന്നത്.

ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന അനുസ്മരണ മൗലിദ് പാരായണ സദസ്സില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, എം. അലി എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, ഇബ്രാഹിം ഫൈസി പങ്കെടുക്കും.
- JAMIA NOORIYA PATTIKKAD