കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി നേതൃത്വം

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി പണ്ഡിത നേതൃത്വം. ഇക്കാര്യം പൊതു ജനങ്ങളെയും മാധ്യമങ്ങളെയും വേണ്ട രീതിയില്‍ അറിയിക്കണമെന്ന് ബറേല്‍വി മുസ്‌ലിംകളുടെ ആസ്ഥാനകേന്ദ്രമായ ബറേലി ശരീഫില്‍ നിന്നു തങ്ങളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നിര്യാതനായ താജുശ്ശരീഅ മുഫ്തി അഖ്തര്‍ റസാഖാന്റെ ഔദ്യോഗിക പിന്‍ഗാമിയായി നിയമിച്ചിരിക്കുന്നത് പുത്രന്‍ മുഫ്തി അസ്ജദ് റസാഖാനെയാണ്. അദ്ദേഹമാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിനു ബറേല്‍വി മുസ്‌ലിംകളുടെ ഗ്രാന്‍ഡ് മുഫ്തിയും ഇസ്ലാമിക് ചീഫ് ജസ്റ്റിസും. ഗ്രാന്‍ഡ് മുഫ്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഈ മാസം തുടക്കത്തില്‍ നടത്തിയ നിയമനം ബറേല്‍വി നേതൃത്വം ഒറ്റക്കെട്ടായാണ് നടത്തിയിരിക്കുന്നത്.

എന്നാല്‍, പുതിയ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരത്തെ അവരോധിച്ചുവെന്ന പ്രചരണം ശുദ്ധ അസംബന്ധവും ബറേലി ശരീഫില്‍ നിന്നുള്ള ഔദ്യോഗിക നിയമനത്തിനു കടകവിരുദ്ധവുമാണ്. ഇതുസംബന്ധമായി ബറേല്‍വി പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്ഥഫ ഔദ്യോഗികമായി കൈമാറിയ കുറിപ്പ് സമസ്ത നേതാക്കള്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. ജമാഅത്തെ റസായെ മുസ്ഥഫ വൈസ് പ്രസിഡന്റ് സല്‍മാന്‍ ഹസന്‍ ഖാന്‍ ഖാദിരിയാണ് കുറിപ്പില്‍ ഒപ്പുവെച്ചിരിക്കുന്നത്. നിയുക്ത ഗ്രാന്‍ഡ് മുഫ്തി അസ്ജദ് റസാഖാനാണ് സംഘടനയുടെ അധ്യക്ഷന്‍.

പുതിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ ബറേല്‍വി നേതൃത്വം നിയമിച്ചുവെന്ന് കഴിഞ്ഞമാസം മുതലാണ് എ.പി വിഭാഗം സുന്നികള്‍ അവകാശപ്പെട്ടുതുടങ്ങിയത്. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ ചടങ്ങുകളും ഇതിന്റെ പേരില്‍ സംഘടിപ്പിക്കുകയുണ്ടായി.എന്നാല്‍, സ്ഥാനാരോഹണത്തിനായി ഡല്‍ഹി രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച സമാധാന സമ്മേളനത്തില്‍ ബറേല്‍വി നേതൃനിരയിലെ പ്രമുഖരാരും സംബന്ധിക്കാതിരുന്നത് നേരത്തെ തന്നെ ദുരൂഹത ഉയര്‍ത്തിയിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന താജുശ്ശരീഅയുടെ സഹോദരന്‍ മന്നാന്‍ ഖാന്‍ റസ്‌വി പ്രതികരിച്ചത്, തങ്ങളുടെ ആത്മീയാചാര്യന്‍ അഅ്‌ലാ ഹസ്രത്തിന്റെ നൂറാം ഉറൂസ് മുബാറകില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കാന്തപുരം ക്ഷണിച്ചത് എന്നാണ്. പരിപാടിയില്‍ താജുശ്ശരീഅയുടെ പിന്‍ഗാമിയായി താന്‍ കാന്തപുരത്തെ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം പരാമര്‍ശിച്ച് മന്നാന്‍ ഖാന്‍ റസ്‌വി കൈമാറിയ നിഷേധക്കുറിപ്പും സമസ്ത ഭാരവാഹികള്‍ മാധ്യമങ്ങള്‍ക്കു കൈമാറി. ഇതുസംബന്ധമായ വിവാദങ്ങള്‍ക്കു കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് ബറേലി ശരീഫില്‍ നിന്നുള്ള ഔദ്യോഗിക വിശദീകരണം.

കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനമായ സമസ്തയില്‍ നിന്നു വിഘടിച്ചുപോയവരാണ് കാന്തപുരം വിഭാഗം. അവരുമായുള്ള ഐക്യചര്‍ച്ചകള്‍ക്ക് സമസ്ത എന്നും അനുകൂലമാണെന്നും എന്നാല്‍ കാന്തപുരത്തിന്റെ ആത്മീയ ചൂഷണങ്ങളോടും വേഷംകെട്ടലുകളോടും ഒരുനിലക്കും രാജിയാവാനാകില്ലെന്നും സമസ്ത ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചവര്‍
1. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)
2. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ( ജന.സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍)
3. മുഫ്തി റഫീഖ് അഹ്മദ് ഹുദവി കോലാര്‍
- QUAZI OF CALICUT