- Samasthalayam Chelari
സമസ്ത പൊതുപരീക്ഷ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാതൃകയാവുന്നു
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ പൊതുപരീക്ഷയും മൂല്യനിര്‍ണയ ക്യാമ്പുകളും മാതൃകയാവുന്നു. 9912 മദ്‌റസകളില്‍ നിന്നായി 2,41,805 കുട്ടികളുടെ 10 ലക്ഷത്തോളം ഉത്തരപേപ്പറുകളാണ് 9 കേന്ദ്രങ്ങളില്‍ വെച്ച് പരിശോധന നടത്തുന്നത്. ഏപ്രില്‍ 25 മുതല്‍ തുടങ്ങിയ മൂല്യനിര്‍ണയം നാളെ അവസാനിക്കും. 1600 പരിശോധകരെയാണ് ഇതിന് വേണ്ടി നിയോഗിച്ചത്. രാവിലെ 6 മണി മുതല്‍ രാത്രി 9 മണിവരെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. പരിശോധകര്‍ക്കുള്ള ഭക്ഷണവും താമസവും മൂല്യനിര്‍ണയ സ്ഥലങ്ങളില്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്. കുറ്റമറ്റ സംവിധാനത്തോടെ നടത്തുന്ന സമസ്തയുടെ പൊതുപരീക്ഷയും മൂല്യനിര്‍ണയവും അക്കാദമിക സമൂഹത്തിന്റെ മുക്തകണ്ഠം പ്രശംസക്ക് ഇടവരാറുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരും യൂണിവേഴ്‌സിറ്റി അധികൃതരും സമസ്തയുടെ പൊതുപരീക്ഷ സംവിധാനം മനസ്സിലാക്കാന്‍ പലപ്പോഴായി ക്യാമ്പ് സന്ദര്‍ശിക്കാറുണ്ട്. ഈ വര്‍ഷം മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒമ്പത് സ്ഥാപനങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയ ക്യാമ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. വിഷയാടിസ്ഥാനത്തിലാണ് ഓരോ ക്യാമ്പിലെയും ഉത്തരപരിശോധന. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ടാബുലാഷന്‍ നടപടികള്‍ക്ക് ശേഷം റമളാന്‍ 17ന് ഫലപ്രഖ്യാപനം നടത്തും.
- Samasthalayam Chelari
- Samasthalayam Chelari