സമസ്ത മദ്‌റസ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നു. ഘട്ടം ഘട്ടമായാണ് പരിഷ്‌കരണം നടപ്പിലാക്കുക. അടുത്ത അധ്യയന വര്‍ഷം ഒന്നു മുതല്‍ മൂന്ന് വരെ ക്ലാസുകളിലെ പാഠപുസ്‌കങ്ങളും തുടര്‍ന്ന് മറ്റു ക്ലാസുകളിലെ പാഠപുസ്തകങ്ങളുമാണ് പരിഷ്‌കരിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള അക്കാദമിക് കൗണ്‍സിലും പാഠപുസ്തക രചന സമിതിയും വിദഗ്ദരെ പങ്കെടുപ്പിച്ച് നടത്തിയ ശില്‍പശാലയില്‍ തയ്യാറാക്കിയ സമീപന രേഖ അനുസരിച്ചാണ് പുതിയ പാഠപുസ്തകങ്ങള്‍ രചിച്ചത്. ആധുനിക മനഃശാസ്ത്ര രീതിയും ശിശുസൗഹൃദ സമീപനവും രചനയില്‍ ഉള്‍കൊണ്ടിട്ടുണ്ട്. അവതരണരീതിയിലും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലും കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. തനിമ നഷ്ടപ്പെടാതെയുള്ള പുതുമ പാഠപുസ്തകങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കുട്ടികളുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തിയും പ്രായോഗികവല്‍കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുമാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

ഒന്നാം ക്ലാസില്‍ തഫ്ഹീം ഒന്നും രണ്ടും ഭാഗങ്ങളും ദുറൂസ് അറബി മലയാളവും വളരെ ലളിതമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങളില്‍ തന്നെ പരിശീലനത്തിന് അവസരമുണ്ട്. മള്‍ട്ടി കളറില്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ കുട്ടികളില്‍ കൂടുതല്‍ കൗതുകമുണ്ടാക്കും. രണ്ടിലും മൂന്നിലും കര്‍മ്മ ശാസ്ത്രം, വിശ്വാസം, ചരിത്രം, ഖുര്‍ആന്‍ പാരായണ നിയമം, സ്വഭാവ വിശേഷങ്ങള്‍, ഭാഷാപഠനം എന്നിവക്കുപുറമെ ഖുര്‍ആന്‍ പാരായണവും നിശ്ചിത സൂറത്തുകളുടെ മനഃപാഠവും ഉള്‍കൊള്ളിച്ചിട്ടുണ്ട്.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ 9603 മദ്‌റസകളും 12 ലക്ഷം വിദ്യാര്‍ത്ഥികളുമാണുള്ളത്. ഇന്ത്യക്കു പുറത്ത് മലേഷ്യ, അന്തമാന്‍, ലക്ഷദ്വീപ്, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും സമസ്തയുടെ അംഗീകൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള സമസ്ത ബുക്ക് ഡിപ്പോയില്‍ നിന്നാണ് പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും നടക്കുന്നത്.
- SKIMVBoardSamasthalayam Chelari