ജന സാഗരം ഒഴുകിയെത്തി; സമസ്ത 90ാം വാര്‍ഷികത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി


വരക്കല്‍നഗര്‍: പുണ്യങ്ങളുടെ നഗരിയില്‍ നിന്ന് വിടവാങ്ങുമ്പോള്‍ ഉയരുന്നത് ആദര്‍ശ വിശുദ്ധിയുടെ മഹോന്നതിയും സംഘബലത്തിന്റെ ഉള്‍കരുത്തും. കര്‍മ്മമണ്ഡലങ്ങളില്‍ അടിപതറാതെ നേര്‍വഴിയിലൂടെയുള്ള യാത്രയ്ക്ക് കരുത്താര്‍ജ്ജിച്ചാണ് ഓരോ മനസും വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നിന്ന് പിരിയുന്നത്. പുണ്യമതത്തിന്റെ നേര്‍വാഹകരായി സകല പ്രതിസന്ധികള്‍ക്കെതിരെയും പോരാടാന്‍ തനിച്ചല്ല, മറിച്ച് ഒരു ആദര്‍ശസാഗരം തന്നെ കൂടെയുണ്ടെന്ന തിരിച്ചറിവ് ലോകത്തിന് നല്‍കി കൊണ്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 90 മാത് വാര്‍ഷിക മഹാസമ്മേളനത്തിന് സമാപ്തി കുറിക്കുന്നത്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മഹത്വം പുതുതലമുറയ്ക്ക് കൈമാറി ആദര്‍ശപ്രസ്ഥാനം അജയ്യശക്തിയായി മലയാളമണ്ണില്‍ നിലകൊള്ളുന്നുവെന്ന ഉണര്‍ത്തലായി മാറി കാല്‍കോടിയോളം സുന്നികര്‍മ്മഭടന്മാര്‍ അണിനിരന്ന മഹാസമ്മേളനം.
 തെക്കന്‍കേരളം ആദ്യമായി ആതിഥേയത്വം വഹിച്ച സമസ്തയുടെ സമ്മേളനം പുത്തന്‍ ആശയങ്ങള്‍ക്കും വ്യതിചലനങ്ങള്‍ക്കും കേരളത്തിന്റെ മുസ്‌ലിം മനസിനെ മാറ്റാനാവില്ലെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു. തൊഴിലാളി വിപ്ലവത്തിനും വിനോദസഞ്ചാരത്തിനും പേരുകേട്ട ആലപ്പുഴയുടെ മണ്ണില്‍ പുതുചരിത്രം തീര്‍ത്തു സുന്നിസാഗരം ഇരമ്പിയപ്പോള്‍ ആത്മീയതയുടെ പറുദീസയ്‌ക്കൊപ്പം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ശുഭസന്ദേശം കൂടി പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞു. സമ്മേളന പ്രമേയങ്ങളെക്കാള്‍ ആത്മവിശുദ്ധിയുടെ വലിയ സന്ദേശവും ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള പ്രാര്‍ത്ഥനാസംഗമവുമാണ് സമസ്ത സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്.
ആത്മചൈത്യനം തുളുമ്പുന്ന നേതൃത്വവും അച്ചടക്കമുള്ള അനുയായി വൃന്ദവുമുള്ള സമസ്തയുടെ സമ്മേളനം ഇവ രണ്ടിന്റെയും സമന്വയവേദിയായി മാറുകയായിരുന്നു. ആലപ്പുഴയ്ക്ക് താങ്ങാവുന്നതിനേക്കാള്‍ വലിയ ജനസഞ്ചയം സംഘാടകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് ആദ്യദിനം മുതല്‍ സമ്മേളനനഗരിയിലേക്ക് ഒഴുകിയെത്തിയത്. ചെറുസംഘങ്ങളായി എത്തിത്തുടങ്ങിയ സമ്മേളന പ്രതിനിധികളുടെ എണ്ണം വിശാലമായ പന്തലും അനുബന്ധ പന്തലുകളും കവിഞ്ഞതോടെ ആദ്യദിനത്തില്‍ തന്നെ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചു. എന്നാല്‍ ദൂരദേശങ്ങളില്‍ നിന്ന് പ്രയാസം സഹിച്ചു ആലപ്പുഴയിലെത്തിയ സമസ്തയുടെ അഭ്യുദയകാംക്ഷികള്‍ ഉള്‍പ്പടെയുള്ള വലിയനിര സമ്മേളനനഗരിക്ക് പുറത്ത് നിന്ന് സമ്മേളനം ശ്രവിക്കാന്‍ തയാറാകുന്ന കാഴ്ചയായിരുന്നു പിന്നീട് കാണേണ്ടിവന്നത്.


പരിമിതമായ സൗകര്യങ്ങളിലും തൃപ്തിപ്പെട്ടുകൊള്ളാമെന്ന് പറഞ്ഞുകൊണ്ട് സമ്മേളനത്തില്‍ പങ്കാളിയാകാന്‍ വെമ്പി നില്‍ക്കുന്ന മനസുകള്‍ക്ക് മുന്നില്‍ പറ്റുന്ന സൗകര്യങ്ങള്‍ ചെയ്തു നല്‍കുകയായിരുന്നു. ചെറുപട്ടണത്തെ വീര്‍പ്പുമുട്ടിക്കുന്ന രീതിയിലേക്ക് എത്തിയ വാഹനങ്ങളുടെ നീണ്ടനിര പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ക്രമീകരിക്കുവാന്‍ ആയിരക്കണക്കിന് വാളന്റിയര്‍മാര്‍ ഒരേ സമയം റോഡുകളില്‍ നിലയുറപ്പിച്ചാണ് ഗതാഗതക്രമീകരണങ്ങള്‍ ഒരുക്കിയത്.


അച്ചടക്കത്തോടെ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ക്യാമ്പില്‍ പങ്കെടുത്ത പ്രതിനിധികളും മികച്ച സംഘാടനത്തിലൂടെ സ്വാഗതസംഘം ഭാരവാഹികളും ആലപ്പുഴയുടെ സമ്മേളനചരിത്രം മാറ്റിമറിച്ചു.

തസ്‌ക്കിയത്തും തര്‍ബിയത്തും കൊണ്ട് സമ്പന്നമായ ചതുര്‍ദിന ക്യാംപ് മതനവീന വാദികളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതും ബിദ്അത്തിന്റെ വികലമായ ആശയങ്ങളെ പൊളിച്ചെഴുതുന്നതുമായിരുന്നു. ക്യാംപില്‍ നമ്മുടെ മതം എന്ന സെഷനില്‍ ഇസ്‌ലാം എന്തുപറയുന്നു, ഇസ്ലാമും തീവ്രവാദവും, ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി. നമ്മുടെ സമുദായം എന്ന സെഷനില്‍ കേരളീയ മുസ് ലിം ചരിത്രവും നമ്മുടെ ചരിത്രവും നമ്മുടെ പൈതൃകവും പഠനാര്‍ഹമായി. നമ്മുടെ രാജ്യം എന്ന സെമിനാറില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളും ഭരണഘടനയും സിവില്‍കോഡും ബഹുസ്വരതയും മതേതരത്വവും വിശകലനം ചെയ്യപ്പെട്ടു.


ഇസ്തിഗാസയും തവസ്സുലും അഹ്‌സുസ്സുന്നയും ചര്‍ച്ച ചെയ്ത നമ്മുടെ ആദര്‍ശം സെഷനും സംഘടന നേരിട്ട വെല്ലുവിളികളും എതിര്‍ക്കപ്പെട്ട ത്വരീഖത്തുകളും ചര്‍ച്ചയായ നമ്മുടെ സംഘടനാ സെഷനും നമ്മുടെ ആചാരങ്ങളും മദ്ഹബുകളും മഹല്ല് ശാക്തീകരണവും വിശകലനം ചെയ്ത നമ്മുടെ മഹല്ല് സെഷനും വ്യതിചലനങ്ങള്‍ ചര്‍ച്ചയായ നമ്മുടെ വഴിയും ശ്രദ്ധേയമായി.


പ്രവാസിപ്രശ്‌നങ്ങളും സമസ്തയും ചര്‍ച്ചചെയ്ത സെഷനും മജ്‌ലിസുന്നൂറും ആത്മീയസംഗമവും ബുക്ക് ഫെയറും വിദ്യാര്‍ത്ഥികളുടെ ബുര്‍ദാ അവതരണവും വേറിട്ട വിശേഷങ്ങളായി.ഒപ്പം സമ്മേനപ്രമേയങ്ങള്‍ കാലികപ്രസക്തവുമായി മാറി-ജലീല്‍ അരൂക്കുറ്റി-സുപ്രഭാതം.
 കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക