സമസ്ത സമസ്ത 90ാം വാര്‍ഷികം; സമാപന മഹാസമ്മേളനം ഇന്ന്, സുന്നീ സാഗരമിരമ്പും

ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: ഒരു റോഡിലും പാർക്കിംഗ് പാടില്ല 
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(ആലപ്പുഴ): സുന്നീ കൈരളിയുടെ മഹാസമ്മേളനത്തിന് ഇന്നു സമാപ്തി. അറബിക്കടലിന്റെ തീരത്തെ സാക്ഷിയാക്കി സുന്നീ സാഗരത്തിന്റെ അജയ്യത വിളിച്ചോതുന്ന മഹാസമ്മേളനത്തിനും അത്യപൂര്‍വമായ പ്രാര്‍ഥനാനിമിഷങ്ങള്‍ക്കും സാക്ഷിയാകാന്‍ കിഴക്കിന്റെ വെനീസ് സജ്ജമായി. ആലപ്പുഴ നഗരത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആലപ്പുഴ കടപ്പുറം അതിന്റെ ചരിത്രത്തില്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിശാലമായ മനുഷ്യസാഗരത്തിനു വേദിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉദ്‌ബോധനങ്ങളും പ്രാര്‍ഥനകളും നിറഞ്ഞ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ 90-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ചതുര്‍ദിന ക്യാംപിനും ഇന്നു സമാപനം കുറിക്കും.
സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗാലാപുരം ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ കൊലപാതകം സംബന്ധിച്ച സി.ബി.ഐയുടെ പുനരന്വേഷണത്തിനുള്ള സമസ്തയുടെ നിയമപോരാട്ടങ്ങള്‍ക്കു ലഭിച്ച വിജയം സമ്മേളനത്തിനു കൂടുതല്‍ ആവേശം നല്‍കി. ആത്മഹത്യയെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ നീക്കത്തിനെതിരേയുള്ള എറണാകുളം സി.ജെ.എം കോടതിവിധിയെ സമ്മേളനം സ്വാഗതം ചെയ്തു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വൈകിട്ട് അഞ്ചിന് നടക്കുന്ന മഹാസമ്മേളനത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം സുന്നി പ്രവര്‍ത്തകര്‍ പങ്കെടുക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
ശൈഖ് ബൂത്തിബിന്‍ സഈദ് ബിന്‍ ബൂത്തി അല്‍ മക്ക്ത്തൂം യു.എ.ഇ, മാജിദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, മാജിദ് അബ്ദുല്ല ഹസന്‍ മാജിദ് യു.എ.ഇ, മുഹമ്മദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, സയ്യിദ് ശരീഫ് ത്വാഹാ അലി അല്‍ ഹദ്ദാദ് കെനിയ, ശൈഖ് ഖത്താബ് ഖലീഫ കെനിയ, ശൈഖ് അബ്ദുന്നൂര്‍ ഇബ്‌ന് അബ്ദില്ലാഹ് അല്‍ മക്കിയ്യ് കെനിയ, ശൈഖ് സയ്യിദ് അബ്ദുല്‍ഖാദര്‍ അല്‍ ജീലി മദീന, ശൈഖ് ഹംദാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പത്മശ്രീ എം.എ.യൂസഫലി, സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.അഹമ്മദ് എം.പി, കെ.സി.വേണുഗോപാല്‍ എം.പി, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി.അബ്ദുല്ല മുസ്്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ജി.സുധാകരന്‍ എം.എല്‍.എ, ഡോ. ടി.എം.തോമസ് ഐസക് എം.എല്‍.എ, അഡ്വ.എം.എം.ആരിഫ് എം.എല്‍.എ, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, പി.പി.ഉമര്‍ കൊയ്യോട്, തോമസ് ജോസഫ്, എം.എ.ശൂക്കൂര്‍, എ.എം.നസീര്‍ എന്നിവര്‍ സംബന്ധിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതവും ഇസ്മാഈല്‍ കുഞ്ഞ് ഹാജി നന്ദിയും പറയും.-ജലീല്‍ അരൂക്കുറ്റി-സുപ്രഭാതം . 
കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക