"സമസ്ത: നവതിയുടെ നിറവില്‍"- ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ എഴുതുന്നു..

മുസ്‌ലിം കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനമാണ്. കേരള മുസ്‌ലിം ചരിത്രം പഠനം നടത്തുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടുന്നതുമാണ്. സമൂഹത്തില്‍ അശുഭകരമായ അപശബ്ദങ്ങള്‍ മുഴക്കാന്‍ ചിലര്‍ രംഗത്തുവന്ന ഘട്ടത്തിലാണ് സമസ്ത രൂപീകരിച്ചത്. സംഘടന രൂപീകരിച്ചത് മുതല്‍ ഇത്രയും കാലം, മുസ്‌ലിംകളുടെ വിശ്വാസത്തെയും ആചാരത്തെയും യാതൊരു പരുക്കുകളുമില്ലാതെ സമസ്ത കാത്തു പോന്നു. സമസ്ത സ്ഥാപിത ലക്ഷ്യമായി ഏറ്റെടുക്കുകയും ഇപ്പോഴും ഊന്നുകയും ചെയ്യുന്ന പ്രവര്‍ത്തന ദൗത്യം ഇതു തന്നെയാണ്.
നിരവധി കാര്യങ്ങളില്‍ ലോകത്തിനു മാതൃക സൃഷ്ടിച്ചു സമസ്ത.
അതില്‍ ഏറ്റവും പ്രധാനമാണ് മദ്‌റസ സംവിധാനം. പിഞ്ചുകുട്ടികള്‍ക്ക് മതം പഠിപ്പിക്കാനുള്ള സാഹചര്യം വ്യവസ്ഥാപിതമായി ഇവിടെ നിലനില്‍ക്കുന്നു. 1951ല്‍ സമസ്ത ആവിഷ്‌കരിച്ച പദ്ധതി കേരളത്തില്‍ ചുവട് പിടിക്കാന്‍ പലരും ശ്രമിച്ചു. സമസ്തയുടെ സ്വീകാര്യത അവര്‍ക്കൊന്നും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്ള സ്ഥലങ്ങളിലെ ഇസ്‌ലാമിക നവോത്ഥാനവും ഇതര സ്ഥലങ്ങളിലെ സാമുദായിക ബോധവും പഠനവിധേയമാക്കിയാല്‍ സമസ്ത സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ബോധ്യമാകും. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പരമ്പരാഗത മൂല്യങ്ങള്‍ ചോര്‍ന്നു പോകാതെ കാത്തു സൂക്ഷിക്കുന്നതില്‍ സമസ്ത ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പള്ളി ദര്‍സുകളില്‍ നിന്നും അറബിക് കോളജുകളിലേക്കുള്ള മാറ്റം അതായിരുന്നു. സമന്വയ വിദ്യാഭ്യാസ രംഗത്ത് ലോകത്ത് സമസ്ത ഇതിനകം തന്നെ പുതിയ ചരിത്രം രചിച്ചിട്ടുണ്ട്.
മദ്‌റസ സംവിധാനം പോലെ ശ്രദ്ധേയമാണ് സമസ്ത നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന മഹല്ലു സംവിധാനവും. കേരളത്തിലെ മഹല്ലുകളെ ഏകോപിച്ചുകൊണ്ട് സമസ്തക്ക് കീഴില്‍ മാതൃക സൃഷ്ടിക്കുകയാണ്. ആശയ പ്രചാരണത്തിനും സംസ്‌കരണത്തിനും പറ്റിയ നല്ലൊരു പരിസരത്തിനാണ് ഇതുവഴി സാഹചര്യമൊരുക്കാന്‍ സമസ്തക്ക് അവസരം കിട്ടിയിട്ടുള്ളത്. പുതിയ തലമുറയെ അഭിസംബോധന ചെയ്യാനും എല്ലാ തുറകളിലുമുള്ള ജനങ്ങളെ സംസ്‌കരിച്ചെടുക്കാനും സമസ്ത നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. പ്രഖ്യാപിത ലക്ഷ്യത്തിന് അനുകൂലമായ ഘടകം സകല മേഖലകളിലും ഉണ്ടാക്കിയെടുക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍,
സമസ്ത കേരള എംപ്ലോയീസ് അസോസിയേഷന്‍, സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍, സമസ്ത കേരള സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങള്‍ രൂപീകരിക്കുകയും വികേന്ദ്രീകരണ സ്വഭാവത്തോടെ അവക്ക് കീഴില്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്യുന്നു. 1926 മുതല്‍
നടത്തിയ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണിവകളെല്ലാം. ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയെടുത്ത ക്ഷണിക മാറ്റങ്ങളല്ല. വലിയ ആത്മസംതൃപ്തിയോടെയും ആത്മനിര്‍വൃതിയോടെയുമാണ് സമസ്ത 90ാം വാര്‍ഷികം ആഘോഷിക്കുന്നത്. കേരള മുസ്‌ലിംകള്‍ക്ക് മതപരമായ സുരക്ഷിതത്വം നല്‍കി എന്നതാണ് സമസ്തയുടെ ഏറ്റവും വലിയ സേവനം. ഈ പണ്ഡിത കൂട്ടായ്മയുടെ സാന്നിധ്യമാണ് തനിമയാര്‍ന്ന ഇസ്‌ലാമിക വിശ്വാസങ്ങളും ആചാരങ്ങളും യാതൊരുവിധ മാറ്റവുമില്ലാതെ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിര്‍ത്തിപ്പോരാന്‍ സഹായിച്ചത്.
എല്ലാതരം ജീര്‍ണതകള്‍ക്കെതിരെയും സമസ്ത മുന്നില്‍ നിന്ന് പോരാടിയിട്ടുണ്ട്. പ്രതിലോമകരവും അസഭ്യവുമായ സര്‍വപ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത മതമാണല്ലോ ഇസ്‌ലാം. അതിനാല്‍ സമസ്തക്ക് അക്കാര്യത്തില്‍ പ്രത്യേകമായ ഒരു നയം ആവശ്യമില്ല. പൂര്‍ണമായും ഇസ്‌ലാമിക ആശയങ്ങളും ആജ്ഞകളും നോക്കിയാണ് സമസ്ത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.ഇസ്‌ലാമിന്റെ തനതു ആചാരങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടപ്പോഴും സമൂഹത്തിലുണ്ടാവുന്ന അനാചാരങ്ങള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും സമസ്ത ശക്തമായി ശബ്ദിച്ചിട്ടുണ്ട്. നേര്‍ച്ചയും വിവാഹവുമായി ബന്ധപ്പെട്ട ദുഷ്പ്രവണതകള്‍, ലോട്ടറി, മദ്യം, മയക്കുമരുന്ന്, മനുഷ്യന്റെ വിവേകം നഷ്ടപ്പെടുത്തുന്ന എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ തുടങ്ങിയവയെല്ലാം സമസ്ത ചോദ്യം ചെയ്തു പോന്നു. സമൂഹത്തെ ബാധിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ സമസ്തയും കീഴ്ഘടകങ്ങളും വലിയ പ്രക്ഷോഭങ്ങളും കാമ്പയിനുകളും സംഘടിപ്പിച്ചത് ചരിത്രമാണ്.
ഭീകരവാദവും തീവ്രവാദവും സമുദായത്തിന് വലിയ പരുക്കുകളുണ്ടാക്കുന്ന വിധ്വംസക പ്രവര്‍ത്തനമാണെന്ന് സമസ്ത പൊതുജനങ്ങളെ ബോധ്യപ്പെടുത്തി. ഭീകരവാദത്തിന്റെ പേരില്‍ നിരപരാധികളുടെ ജീവന്‍ ബലി കൊടുക്കാനും പൊതുസ്വത്ത് നശിപ്പിക്കാനും ഇസ്‌ലാം എവിടെയും നിര്‍ദേശിച്ചിട്ടില്ല.ആത്മീയ രംഗത്തെ ശോഷണ ചൂഷണങ്ങള്‍ക്കെതിരെയും പ്രതിരോധം തീര്‍ത്തു. കൊരൂര്‍, ചോറ്റൂര്‍, നൂരിഷ ത്വരീഖത്തുകളെ എതിര്‍ത്തു തോല്‍പ്പിച്ചത് സമസ്തയാണ്. സമസ്തയുടെ ശക്തമായ എതിര്‍പ്പ് കാരണമാണ് അവ വേര് പിടിക്കാതെ പോയത്. വ്യാജ ത്വരീഖത്തുകള്‍ക്കെതിരെയും പുത്തന്‍ വാദങ്ങള്‍ക്കെതിരെയുമുള്ള പോരാട്ടത്തില്‍ സമസ്ത ഇന്നും പിറകോട്ട് പോന്നിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ആലുവാ ത്വരീഖത്തിനെതിരെ സമസ്ത പണ്ഡിതോചിത തീരുമാനമെടുക്കുകയും ജനങ്ങളോട് അതില്‍നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


കേരളത്തില്‍ സമസ്ത സാധിച്ചെടുത്ത മുസ്‌ലിംകളുടെ വിപ്ലവാത്മകമായ പുരോഗതി മനസ്സിലാക്കി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ സമസ്തയുടെ സേവനം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ആവശ്യം മുന്നില്‍കണ്ട്, ദേശീയ തലത്തില്‍, വിശിഷ്യാ ഉത്തരേന്ത്യയില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിലും മറ്റും പല സ്ഥാപനങ്ങളും പള്ളികളും സ്ഥാപിച്ച് അതിന്റെ ആദ്യ ചുവടുകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതുവഴി കേരളത്തില്‍ സൃഷ്ടിച്ചെടുത്ത മതപരവും സാമൂഹികവുമായ സുസ്ഥിതി ഇന്ത്യയിലെ മറ്റിടങ്ങളിലും സാധ്യമാക്കുക എന്നതാണ് ഭാവി പദ്ധതി.
ആലപ്പുഴയിലാണ് സമസ്ത സമ്മേളനം നടത്തുന്നത്.


കടല്‍മാര്‍ഗം വാണിജ്യാവശ്യാര്‍ഥവും മറ്റും എത്തിയ അറബികളില്‍ നിന്നു തന്നെയാണ് ആലപ്പുഴയുടെ മുസ്്‌ലിം ചരിത്രവും ആരംഭിക്കുന്നത്. മഖ്ദൂമുകളുടെ പാരമ്പര്യത്തില്‍ നിന്നാണ് സമസ്തയുടെ തുടര്‍ച്ച. മഖ്ദൂമുമാര്‍ തമിഴ്‌നാട്ടിലെ മഅ്ബറില്‍ നിന്ന് വന്നത് കൊച്ചിയിലേക്കാണ്. അവിടെ നിന്നാണ് പൊന്നാനിയിലെത്തുന്നത്. ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തെക്കന്‍ കേരളം അന്യമല്ലെന്ന് ചുരുക്കം. പുതിയ കാലത്തോട് പരമ്പരാഗത മാര്‍ഗത്തില്‍ ഉറച്ച് നിന്ന് സംവദിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനും കാലത്തിന്റെ അപചയങ്ങളെ പ്രതിരോധിക്കാനും സമസ്ത തൊണ്ണൂറാം വാര്‍ഷികം കൊണ്ട് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി 90ാം വാര്‍ഷിക സമാപന സമ്മേളനത്തിന് ഇന്നു ആലപ്പുഴയില്‍ തുടക്കമാകും. 14ന് നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ സംഗമിക്കും. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനങ്ങളുടെയും ഇസ്്‌ലാമിക വിരുദ്ധ സംഘങ്ങളുടെയും പ്രവര്‍ത്തനം ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന കാലത്ത് ഇസ്്‌ലാമിനെ തന്മയത്വത്തോടെ പരിചയപ്പെടുത്തല്‍ അനിവാര്യമാണെന്ന് സമസ്ത മനസ്സിലാക്കുന്നു.
(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയാണ് ലേഖകന്‍)