ആലപ്പുഴ(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍):തൊണ്ണൂറിന്റെ ആകാശപ്പരപ്പില്‍ നിറവിശുദ്ധിയുടെ നിലാവു പൊഴിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നവതിയാഘോഷങ്ങള്‍ക്കു കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ തുടക്കം. അഹ്‌ലുസ്സുന്നയുടെ നിലപാടുതറയിലുറച്ച ആശയസംവേദനങ്ങളുടെ നാലു ദിനരാത്രങ്ങള്‍ക്കാണ് അറബിക്കടലിന്റെ തീരം സാക്ഷ്യം വഹിക്കുന്നത്.
പാരമ്പര്യത്തിന്റെ കിരീടം അഭിമാനപൂര്‍വം തലയിലേറ്റി ദൂരെ കര്‍ണാടകയുടെ അങ്ങേയറ്റം മുതല്‍ കന്യാകുമാരി കുളച്ചല്‍ വരെയുള്ള ഗ്രാമാന്തരങ്ങളില്‍ നിന്നു ചെറു നീരൊഴുക്കായി, പുഴയായി, പിന്നെ കടലായി പതിനായിരങ്ങള്‍ സംഗമിക്കുകയാണ് ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍.
സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആദര്‍ശവിശുദ്ധിയുടെ പതാക വാനിലുയര്‍ത്തിയതോടെ നാലുദിവസം നീളുന്ന സമ്മേളനത്തിനു നാന്ദിയായി.
പാല്‍വെളളക്കടലിലെ തിരമാലയാവാന്‍ ക്യാമ്പ് തുടങ്ങുന്നതിനു മുമ്പുതന്നെ പരസഹസ്രങ്ങളാണ് ആലപ്പുഴയിലെ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്. പണ്ഡിത മഹത്തുക്കളേയും സാദാത്തീങ്ങളേയും സാക്ഷിയാക്കി ബഹ്‌റൈന്‍ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമീ അല്‍ഫാളില്‍ അല്‍ദൂസരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദുല്‍ഖാദിര്‍ അല്‍ജീലി മദീന സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. നിര്‍മാണ്‍ മുഹമ്മദലി ഏറ്റുവാങ്ങി. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ ഉദ്‌ബോധനപ്രസംഗം നിര്‍വഹിച്ചു. ഉമര്‍ഫൈസി മുക്കം സ്വാഗതം പറഞ്ഞു. ഡോ. ഫുആദ് അബ്ദുറശീദ് ബഹ്‌റൈന്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ കെയ്യോട്, എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ആലപ്പുഴ ജില്ലാ കലക്ടര്‍ എം.പത്മകുമാര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ ലക്ഷദ്വീപ്, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, സി.മോയിന്‍കുട്ടി എം.എല്‍.എ, എം.സി.മായിന്‍ഹാജി, മെട്രോ മുഹമ്മദ്ഹാജി എന്നിവര്‍ സംബന്ധിച്ചു. കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക