
ജിദ്ദ : ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കി തുടക്കം കുറച്ച ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി അതിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചതായി ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ പ്രധാന അധ്യപകനായ പ്രൊഫ.. ഇസ്ഹാഖ് ബാഖവി അഭിപ്രായപ്പെട്ടു. കാല് നൂറ്റാണ്ട് മുന്‍പ് ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ പ്രവര്‍ത്തന ഫലമാണ് ഇത് ഇന്നുകാണുന്ന ആധുനിക വൈജ്ഞാനിക വിപ്ലവത്തിലെത്തിച്ചത്. ദാറുല്‍ഹുദക്ക് കീഴില്‍ കേരളത്തിന് അകത്തും പുറത്തുമായി ഇരുപതോളം സഹ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ഹുദയുടെ പത്താം സനദ്ദാന സമ്മേളനത്തില്‍ വെച്ചാണ് അന്തരിച്ച മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സര്‍വകലാശാലയായി പ്രഖാപനം നടത്തിയത്.
ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല ജിദ്ദാ കമ്മിറ്റി പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയ സ്വീകരണവും, പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ.കെ.എം. മൗലവിക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്ല ഫൈസി കൊളപ്പറന്പ് അധ്യക്ഷത വഹിച്ചു.
നിഷ്കാമ കര്‍മ്മികളായ നേതാക്കളുടെ ദീര്‍ഘ വീക്ഷണവും അര്‍പ്പണ ബോധമുള്ള അധ്യാപകരുടെ പരിശ്രമവുമാണ് ദാറുല്‍ ഹുദക്ക് കാലത്തിന്ന് മുന്‍പേ സഞ്ചരിക്കാനായതെന്ന് യാത്രയയപ്പില്‍ മറുപടി പ്രസംഗം നടത്തിയ ഒ.കെ.എം. മൗലവി പറഞ്ഞു. ഒ.കെ.എം. മൗലവിക്ക് ദാറുല്‍ഹുദാ സര്‍വകലാശാല ജിദ്ദാ കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ കൈമാറി.
ദാറുല്‍ഹുദാ കമ്മിറ്റി അംഗം ബഷീര്‍ ഹാജി ഓമച്ചപ്പുഴ, അബ്ദുല്‍ ബാരി ഹുദവി, ഒ.സി. ഹുസൈന് ഹാജി, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, കുഞ്ഞമ്മു ഹാജി അമ്മിനിക്കാട്, കെ.പി. മൊയ്തീന്‍കുട്ടി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.എ. കോയ മുന്നിയൂര്‍ സ്വാഗതം പറഞ്ഞു.
- മജീദ് പുകയൂര്‍ , ജിദ്ദ -