ആത്മ സംസ്കരണത്തിലൂടെ മതവിശുദ്ധി കാത്തുസൂക്ഷിക്കുക: പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ

എറണാകുളം: ആത്മ സംസ്കരണത്തിലൂടെ മതവിശുദ്ധി കാത്തുസൂക്ഷിക്കമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. 'സത്യം, സമർപ്പണം, സാക്ഷാത് കാരം' എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങൾ വർഗീയ ഫാസിസ്റ്റ് ശക്തികളാൽ ലംഘിക്കപ്പെടുന്ന കാലത്ത് മതവിശ്വാസത്തെയും രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും ഒരുപോലെ ചേർത്ത് പിടിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കളമശ്ശേരി ഇല്ലിക്കൽ ഹാളിൽ നടന്ന ചടങ്ങിൽ സയ്യിദ് ഫക്രുദീൻ തങ്ങൾ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു. ഷാഫി ഫൈസി ഓടക്കാലി പ്രാർത്ഥന നിർവഹിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാല മുൻ വി. സി ഡോ. എം. സി ദിലീപ് കുമാർ മുഖ്യാതിഥിയായി. അൻവർ മൂഹിയുദ്ധീൻ ഹുദവി ആലുവ പ്രമേയേ പ്രഭാഷണം നടത്തി. റഷീദ് ഫൈസി വെള്ളായിക്കോട് കാമ്പയിൻ വിശദീകരണം നടത്തി.

എ. എം പരീത് സാഹിബ്, എൻ. കെ മുഹമ്മദ് ഫൈസി, കബീർ മുട്ടം, ടി. എ ബഷീർ, സിയാദ് ചെമ്പറക്കി, നിയാസ് മുണ്ടമ്പാലം, അജാസ് കങ്ങരപ്പടി, ഷിയാസ് മരോട്ടിക്കൽ, ഫൈസൽ കങ്ങരപ്പടി എന്നിവർ സംബന്ധിച്ചു. അബ്ദുൽ ഖാദിർ ഹുദവി സ്വാഗതവും അയ്യൂബ് മാസ്റ്റർ മുട്ടിൽ നന്ദിയും പറഞ്ഞു. ശാഖാ - മേഖല - ജില്ലാ തലങ്ങളിലായി സഹചാരി ഫണ്ട് ശേഖരണം, ഫിഖ്ഹ് ക്ലാസ്, ഖുർആൻ പാഠശാല, ഇഅത്തികാഫ് ജൽസ, തർബ്ബിയത്ത് ക്യാമ്പും ഇഫ്ത്താർ വിരുന്നും, ഓൺലൈൻ ഖുർആൻ വിജ്ഞാന പരീക്ഷ, ഇഫ്ത്താർ ടെന്റ്, പെരുന്നാളൊരുമ, ബദറൊളി എന്നീ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നു.
- SKSSF STATE COMMITTEE