SKSSF സഹചാരി ഫണ്ട് ശേഖരണം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട്: കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്‍ വര്‍ഷം തോറും റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ച നടത്തി വരാറുളള സഹചാരി ഫണ്ട് ശേഖരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്ണൂര്‍, മലപ്പുറം, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ലീഡേഴ്‌സ് കണ്‍വെന്‍ഷനുകളില്‍ ജില്ലാ ഭാരവാഹികളും സഹചാരി സെക്രട്ടറി, വിംഗ് ചെയര്‍മാന്‍, കണ്‍വീനര്‍ന്മാരും പങ്കെടുത്തു. ജില്ല മേഖല തലങ്ങളിലും സ്‌പെഷ്യല്‍ ക്യാമ്പുകള്‍ നടത്തി. സര്‍ക്കുലറുകളും മഹല്ല്, യൂണിറ്റ് കമ്മിറ്റികള്‍ക്കുള്ള കത്തും ലഘുലേഖയും വിതരണം ചെയതു. ഫണ്ട് ശേഖരണത്തിന്റെ ജില്ലാ മേഖല തല ഉല്‍ഘാടനം നടന്നു വരികയാണ്. ഏപ്രില്‍ 8 ന് വെള്ളിയാഴ്ച യൂണിറ്റുകളില്‍ പള്ളികളും വീടുകളും കേന്ദ്രികരിച്ചുളള ഫണ്ട് ശേഖരണത്തിന് തുടക്കം കുറിക്കും. ഏപ്രില്‍ 23 ന് മുമ്പായി ശേഖരിച്ച ഫണ്ടുകള്‍ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

കഴിഞ്ഞ പതിനാറ് വര്‍ഷമായി പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസം നല്‍കിയ ഈ മഹത്തായ പദ്ധതിയിലേക്കുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയതു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ബശീര്‍ അസ്അദി നമ്പ്രം, ആശിഖ് കുഴിപ്പുറം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി തൃശ്ശൂര്‍, ഇസ്മായില്‍ യമാനി മംഗലാപുരം, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സലീം റശാദി കൊളപ്പാടം, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE