വഖഫ് ബോര്‍ഡ് സമസ്തക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കണം: സുന്നീ മഹല്ല് ഫെഡറേഷന്‍

ചേളാരി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും മുസ്ലിം സംഘടനകളുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും സമസ്ത പ്രതിനിധികളെ തിരുവനന്തുരത്ത് വിളിച്ച് വരുത്തി മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ആഴ്ചകള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തത് പ്രതി ഷേധാര്‍ഹമാണെന്നും സമസ്തക്ക് നല്‍കിയ വാക്ക് എത്രയും വേഗം പാലിക്കണമെന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

പ്രീമാരിറ്റല്‍ കോഴ്‌സ്, സ്വദേശി ദര്‍സ് എന്നീ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കാന്‍ യോഗം തീരുമാനിച്ചു. പ്രീമാരിറ്റല്‍ കോഴ്‌സ് ഓഫ് ലൈന്‍, ഓണ്‍ലൈന്‍, വെബ്ആപ്പ് എന്നിങ്ങനെ ത്രിതല സംവിധാനത്തില്‍ നടത്തും. വനിതാ ആര്‍.പി. ടീം രൂപീകരിക്കും. സ്വദേശി ദര്‍സുകളുടെ നടത്തിപ്പ് ചുമതല സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇന് നല്‍കാനും ജില്ലാതലങ്ങളില്‍ പതിനൊന്നംഗ സ്വദേശി ദര്‍സ് സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പ് കാമ്പയിനും ജില്ലാ കമ്മിറ്റികളുടെയും കോഡിനേറ്റര്‍മാരുടെയും പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. അംഗത്വത്തിന് അപേക്ഷ നല്‍കിയ 350 മഹല്ലുകള്‍ക്കും 51 ശാഖകള്‍ക്കും യോഗം അംഗീകാരം നല്‍കി

യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും സെക്രട്ടറി വി.എ.സി. കുട്ടി ഹാജി നന്ദിയും പറഞ്ഞു.

സി.ടി അബ്ദുല്‍ ഖാദര്‍ കാസര്‍ഗോഡ്, എ.കെ അബ്ദുല്‍ ബാഖി കണ്ണൂര്‍, എസ് മുഹമ്മദ് ദാരിമി, പി.സി ഇബ്രാഹിം ഹാജി വയനാട്, സലാം ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, എം.സി.മായിന്‍ ഹാജി കോഴിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, കെ.കെ ഇബ്രാഹിം ഹാജി എറണാകുളം, അഞ്ചല്‍ ബദ്‌റുദ്ദീന്‍ കൊല്ലം, ആലങ്കോട് ഹസന്‍ തിരുവനന്തപുരം, ഓര്‍ഗനൈസര്‍മാരായ എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, കോ-ഓര്‍ഡിനേറ്റര്‍മാരായ യാസര്‍ ഹുദവി ചൂരി, നൂറുദ്ദീന്‍ ഹുദവി കുപ്പം, കെ.എന്‍.എസ് മൗലവി തിരുവമ്പാടി, ആസിഫ് വാഫി റിപ്പണ്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, പി.കെ.എം സ്വാദിഖ് ഹുദവി വേങ്ങര, ഇസ്മാഈല്‍ ഫൈസി ഒടമല, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ജിഷാം ഹുദവി, റിയാസ് ദാരിമി, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION