അന്താരാഷ്ട്ര ഖുര്‍ആന്‍ ഗവേഷണ കേന്ദ്രം പ്രൊജക്ട് ലോഞ്ചിങ് നിര്‍വഹിച്ചു
ഖുര്‍ആനിക പഠനങ്ങളെ സമീപ്പിക്കേണ്ടത് ആധികാരകതയോടെ: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: ഖുര്‍ആനിക പഠനങ്ങളെസമീപ്പിക്കേണ്ട രീതി ശാസ്ത്രം ആധികാരികവും ഗഹനവുമാവണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശംസുല്‍ ഉലമ ഇസ്ലാമിക് കോംപ്ലക്സിന് കീഴില്‍ മുണ്ടക്കുളത്ത് ഒരുക്കുന്ന ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തഫ്സീര്‍ അല്‍ ഖുര്‍ആനിന്റെ (ഇരിതാഖ്) പ്രൊജക്ട് ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ് ലാമിക പഠനങ്ങള്‍ക്ക് ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുന്ന അഹ്ലുസുന്നയുടെ പ്രാമാണിക തഫ്സീറുകളെ അവലംബമാക്കിയാവണം ഇത്തരം പഠനങ്ങളെ സമീപ്പിക്കേണ്ടതെന്നും ഇത്തരം പഠനങ്ങളിലൂടെ ഖുര്‍ആനിന്റെ സത്യ സന്ദേശം സമൂഹത്തിന് ബോധ്യപ്പെടുത്തേണ്ടത് പണ്ഡിതന്മാരുടെയും വിശ്വാസികളുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വലിയൊരു ദൗത്യത്തിനാണ് ശംസുല്‍ ഉലമ ഇസ്ലാമിക് കോംപ്ലക്സ് ഒരുങ്ങുന്നത്. ഖുര്‍ആനിന്റെ ആഴമറിഞ്ഞ പണ്ഡിതനായ ശംസുല്‍ ഉലമയുടെ അന്ത്യാഭിലാഷമാണ് ഇതോടുകൂടി പൂവണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷ അറിഞ്ഞത് കൊണ്ട് മാത്രം ഖുര്‍ആനിനെ കൃത്യമായി വ്യാഖ്യാനിക്കാനാവില്ല. ഭാഷയെ പോലെ തന്നെ ഖുര്‍ആനിന്റെ ആശയങ്ങളും ആഴത്തിലറിഞ്ഞ് വേണം ഖുര്‍ആനിനെ വ്യാഖ്യാനം ചെയ്യാന്‍. യോഗ്യരായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയാണ് ഇരിതാഖിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ എസ്.എം.ഐ.സി പ്രസിഡന്റ് സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നമ്മുടെ ജീവിതത്തില്‍ കൈവന്ന വലിയൊരു സൗഭാഗ്യമാണ് ഇരിതാഖെന്നും അന്താരാഷ്ട്രതലത്തിലേക്ക് യോഗ്യരായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലായ യൂണിവേഴ്സിറ്റി സീനിയര്‍ പ്രൊഫസര്‍ ഡോ. സയ്യിദ് മൂസ അല്‍ ഖാളിമി തങ്ങള്‍ മലേഷ്യ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മാനു തങ്ങള്‍ വെല്ലൂര്‍ പദ്ധതിയുടെ വിഡിയോ പ്രകാശനം ചെയ്തു. എക്സിക്യുട്ടീവ് കമ്മിറ്റി പ്രഖ്യാപനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി പദ്ധതി വിശദീകരിച്ചു. ബോര്‍ഡ് അംഗങ്ങളുടെ പ്രഖ്യാപനം മുസ്തഫ മുണ്ടുപാറ നടത്തി. സമസ്ത മുശാവറ അംഗങ്ങളായ എം.പി മുസ്തഫല്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അലവിക്കുട്ടി എ.കെ ഒളവട്ടൂര്‍, പൂക്കോയ തങ്ങള്‍, സിദ്ധീഖ് ഹാജി എറണാകുളം, ഡോ. കെ.പി ഹസന് ശരീഫ് വാഫി സംസാരിച്ചു. ശംസുല്‍ ഉലമ ഇസ് ലാമിക് കോംപ്ലക്സ് ജന.സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം സ്വാഗതവും പി.മുഹമ്മദ് കാമില്‍ കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
- Jamia Jalaliyya Mundakkulam