SKSSF ഹിസ്റ്ററി കോൺഗ്രസ് ഞായറാഴ്ച

കെ. സുധാകരൻ എം. പി ഉദ്ഘാനം ചെയ്യും

കോഴിക്കോട് : മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് സമാപന സമ്മേളനം 16 ന് ഞായറാഴ്ച മലപ്പുറത്ത് നടക്കും. സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ നടന്ന മലബാർ സമരത്തെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് മലബാർ ഹിസ്റ്ററി കോൺഗ്രസ്സ്. എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷമായി നടന്നു വന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണിത്.

മലബാറിൽ നടന്ന സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും, സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങി നാല്പത് പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.

രാവിലെ 9 മണി മുതൽ മലപ്പുറം സുന്നി മഹലിൽ സജ്ജമാക്കുന്ന ഏറനാട്, വള്ളുവനാട് എന്നീ രണ്ട് വേദികളിൽ ഗവേഷണ പ്രബന്ധാവതരണങ്ങൾ നടക്കും. അധ്യാപകർ, ഗവേഷകർ, മാധ്യമ രംഗത്തെ പ്രമുഖർ, ചരിത്ര വിദ്യാർത്ഥികൾ എന്നിവരാണ് വിവിധ വിഷയങ്ങളെ അധികരിച്ച പ്രബന്ധങ്ങൾ അവതരിപ്പിക്കുക. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, അബൂബക്കർ സിദ്ധീഖ് ഐ. എ. എസ്, ഡോ. എം. എച്ച് ഇല്യാസ് തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ സംബന്ധിക്കും.

വൈകിട്ട് 4 മണിക്ക് മലപ്പുറം കുന്നുമ്മൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരക ടൗൺ ഹാളിൽ സമാപന സമ്മേളനം നടക്കും. കെ. പി. സി. സി പ്രസിഡൻ്റ് കെ. സുധാകരൻ എം. പി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
- SKSSF STATE COMMITTEE