SMF സ്വദേശി ദര്‍സുകള്‍ സജീവമാക്കാന്‍ തീരുമാനം: സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ സ്വദേശി ദര്‍സുകള്‍ കൂടുതല്‍ സജീവമാക്കാന്‍ തീരുമാനമായി. ദര്‍സുകളുടെ നടത്തിപ്പ് ചുമതലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇനെക്കൂടി പങ്കാളികളാക്കും. നിലവിലുള്ള സിലബസ് പരിഷ്‌കരിക്കാനും കേന്ദ്രീകൃത പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്താനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വദേശി ദര്‍സ് സ്റ്റേറ്റ് അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവില്‍ പള്ളി ദര്‍സുകളില്ലാത്ത മഹല്ലുകളിലാണ് സ്വദേശി ദര്‍സുകള്‍ ആരംഭിക്കേണ്ടത്.

മാര്‍ച്ച് ആദ്യ പകുതിയില്‍ സ്വദേശി ദര്‍സുകളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ എസ്.എം.എഫിന്റെയും ജംഇയ്യത്തുല്‍ ഖുത്വബാഇന്റെയും സംയുക്ത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് ജില്ലാ സമിതികള്‍ രൂപീകരിക്കണം. ഇരു സംഘടനകളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരടക്കം പതിനൊന്നംഗങ്ങളാണ് സമിതിയിലുണ്ടാവേണ്ടത്. ജില്ലാ കോഡിനേറ്റര്‍ എക്‌സ് ഒഫീഷ്യോ മെമ്പറായിരിക്കും. പാഠ പുസ്തകങ്ങളുടെയും പരീക്ഷ പേപ്പറുകളുടെയും വിതരണത്തിന് പ്രത്യേക കേന്ദ്രങ്ങള്‍ നിശ്ചയിക്കണം.

സ്വദേശി ദര്‍സ് സ്റ്റേറ്റ് അക്കാദമിക് കൗണ്‍സില്‍ പുന:സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.ഉമര്‍ ഫൈസി മുക്കം (ചെയര്‍മാന്‍), യു.മുഹമ്മദ് ശാഫി ഹാജി, നാസര്‍ ഫൈസി കൂടത്തായി (വൈ.ചെയര്‍മാന്‍മാര്‍), ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് (ജന. കണ്‍വീനര്‍), ഹംസ റഹ്മാനി കൊണ്ടിപറമ്പ് (വര്‍.കണ്‍വീനര്‍), എ.കെ.ആലിപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി ചെമ്മാട് (ജോ. കണ്‍വീനര്‍മാര്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, സലാം ഫൈസി മുക്കം, സ്വാലിഹ് അന്‍വരി ചേകനൂര്‍, ഒ.എം.ശരീഫ് ദാരിമി കോട്ടയം, പി.സി.ഉമര്‍ മൗലവി വയനാട്, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, യാസിര്‍ ഹുദവി കാസറഗോഡ്, നൂറുദ്ദീന്‍ ഹുദവി കണ്ണൂര്‍, ആസിഫ് വാഫി വയനാട്, കെ.എന്‍.എസ്.മൗലവി കോഴിക്കോട്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, സ്വാദിഖ് അലി ഹുദവി മലപ്പുറം (മെമ്പര്‍മാര്‍ ) എന്നിവരടങ്ങിയതാണ് അക്കാദമിക് കൗണ്‍സില്‍.

നാസര്‍ ഫൈസി കൂടത്തായി ചെയര്‍മാനായി പരീക്ഷാ ബോര്‍ഡും ഹംസ റഹ്മാനി കൊണ്ടിപറമ്പ് ചെയര്‍മാനായി പാഠ പുസ്തക പരിശോധനാ സമിതിയും രൂപീകരിച്ചു. യോഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മുക്കം ഉമര്‍ ഫൈസി അധ്യക്ഷനായി. എ.കെ. ആലിപ്പറമ്പ് സ്വാഗതവും ഹംസ റഹ് മാനി കൊണ്ടിപമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION