ന്യൂനപക്ഷങ്ങളെ ദേശ വിരുദ്ധരായി കാണരുത്: അബ്ബാസലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി: രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ ദേശ വിരുദ്ധരായി കാണരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181 -ാമത് ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ഇന്നലെ നടന്ന മമ്പുറം തങ്ങൾ അനുസ്മര പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

ന്യൂനപക്ഷങ്ങൾക്കു മേൽ ദേശവിരുദ്ധ കുറ്റം ചുമത്തിയും പൗരത്വം നിഷേധിച്ചും രാജ്യത്ത് നിന്നു ഇല്ലായ്മ ചെയ്യാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ പാരമ്പര്യത്തെ തകർക്കുന്നതുമാണ്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾക്കും വേണ്ടി പോരാടിയ നേതാവാണ് മമ്പുറം തങ്ങൾ. രാജ്യത്ത് മതേതരത്വം പുലരാൻ തങ്ങളുടെ സൗഹാർദ്ദത്തിന്റെ പാതകൾ പിന്തുടരാൻ സമൂഹം തയാറാകണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. കെ. എം സൈതലവി ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി.

കെ. സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്, സി. കെ മുഹമ്മദ് ഹാജി, സിദ്ധീഖ് ഹാജി ചെറുമുക്ക്, കെ. പി ശംസുദ്ദീൻ ഹാജിസൈതലലവി ഹാജി വേങ്ങര സംബന്ധിച്ചു. പി. കെ നാസർ ഹുദവി കൈപ്പുറം സ്വാഗതവും സി. എച്ച് ശരീഫ് ഹുദവി നന്ദിയും പറഞ്ഞു.

ഇന്ന് രാത്രി പ്രാര്‍ത്ഥന സമ്മേളനവും മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും. പ്രാര്‍ത്ഥനാ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

നേര്‍ച്ചയുടെ സമാപന ദിനമായ നാളെ രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍. എ, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം എന്നിവര്‍ സംബന്ധിക്കും. ഉച്ചക്ക് ളുഹ്ര്‍ നമസ്‌കാരാനന്തരം നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച്ചത്തെ മമ്പുറം ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാവും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.


ഫോട്ടോ: മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങർ ഉദ്ഘാടനം ചെയ്യുന്നു.
- Mamburam Andunercha