മമ്പുറം മഖാമില്‍ മൗലിദ് സദസ്സുകള്‍ക്ക് തുടക്കമായി

തിരൂരങ്ങാടി: 181-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മൂന്ന് ദിവസത്തെ ഉദ്‌ബോധനമൗലിദ് സദസ്സുകള്‍ക്ക് തുടക്കമായി. ഇന്നലെ വൈകീട്ട് മഗ്രിബ് നമസ്‌കാരാനന്തരം നടന്ന പരിപാടിയില്‍ ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി ഉദ്‌ബോധന പ്രഭാഷണം നടത്തി. മമ്പുറം ഖത്തീബ് വി. പി അബ്ദുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മമ്പുറം തങ്ങളുടെ ജീവിതം പരാമര്‍ശിക്കുന്ന മമ്പുറം മൗലിദുകളാണ് പാരായണം ചെയ്യുന്നത്.

സി. യൂസുഫ് ഫൈസി മേല്‍മുറി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫി ഹാജി, അബ്ദുല്ല ബാഖവി വാവാട്, ഹംസ ഹാജി മൂന്നിയര്‍, ഇബ്‌റാഹീം ഹാജി മമ്പുറം എന്നിവര്‍ സംബന്ധിച്ചു. ഇന്ന് കെ. സി മുഹമ്മദ് ബാഖവി കീഴ്‌ശ്ശേരിയും നാളെ പി. ഇസ്ഹാഖ് ബാഖവി ചെമ്മാടും ഉദ്‌ബോധനം നടത്തും. വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 6ന് രാത്രി നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും.

ഏഴിന് ശനിയാഴ്ച രാത്രി പ്രാര്‍ത്ഥന സമ്മേളനവും മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫഌല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ്ദാനവും നടക്കും. എട്ടിന് ഞായറാഴ്ച രാവിലെ 8.30 മുതല്‍ അന്നദാനം നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും.


- Mamburam Andunercha