മുഅല്ലിം ഡേ നാളെ (15-09-2019); വിജയിപ്പിക്കുക
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന മുഅല്ലിംഡേ - മദ്‌റസാ അധ്യാപക ദിനാചരണം നാളെ (15-09-2019 ഞായര്‍) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 9968 മദ്‌റസകളിലായി നടക്കും. മഹല്ല് മഖ്ബറ സിയാറത്ത്, രക്ഷിതാക്കള്‍ - സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹല്ല് സംഗമം, വിശ്വ ശാന്തിക്ക് മതവിദ്യ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതിന്റെ നിറവില്‍ എന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പഠനക്ലാസ്സ്, ഖുര്‍ആന്‍ പാരായണം, ബുര്‍ദ മജ്ലിസ്, പടപ്പാട്ടുകള്‍, മാലപ്പാട്ടുകള്‍ ഉള്‍കൊള്ളുന്ന ആസ്വാദന സദസ്സ്, മജ്‌ലിസുന്നൂര്‍ ആത്മീയ മജ്ലിസ്, പ്രാര്‍ത്ഥനാ സദസ്സ് തുടങ്ങിയവ അധ്യാപകദിനത്തിന്റെ ഭാഗമായി നടക്കും.
മുഅല്ലിം ഡെ ആചരണ പരിപാടിയും 20 ന് വെള്ളിയാഴ്ച മുഅല്ലിം ക്ഷേമനിധി യിലേക്കുള്ള ഫണ്ട് സമാഹരണവും വിജയിപ്പിക്കണമെന്ന് എല്ലാ മഹല്ല് - മദ്‌റസാ ഭാരവാഹികളോടും മുഅല്ലിംകളോടും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി. കെ. എം. സ്വാദിഖ് മുസ്ലിയാരും ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen