മുത്തലാഖ്; സമസ്ത വീണ്ടും സുപ്രീം കോടതിയില്‍

കോഴിക്കോട്: മുത്തലാഖ് ക്രിമിനല്‍വല്‍ക്കരിച്ച് കൊണ്ട് ലോകസഭയും രാജ്യസഭയും പാസാക്കിയ ബില്ലിന് ഇന്ത്യന്‍ പ്രസിഡണ്ട് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് നിലവില്‍ വന്ന മുത്തലാഖ് ആക്ടിനെ ചോദ്യം ചെയ്ത് കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് വേണ്ടി അഡ്വ. സുല്‍ഫീക്കര്‍ അലി പി. എസ് ആണ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ആര്‍ട്ടിക്കിള്‍ 14, 15, 21, 25 പ്രകാരം ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം, തുല്ല്യത, വിവേചനമില്ലായ്മ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്റ്റിലൂടെ കേന്ദ്ര ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം.

നേരത്തെ ഇന്ത്യന്‍ പ്രസിഡണ്ട് പുറപ്പെടുവിച്ച മുത്തലാഖ് ഓര്‍ഡിനന്‍സുകള്‍ക്കെതിരെ രണ്ട് തവണ സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ സമസ്തക്ക് കീഴിലുള്ള യുവജന വിഭാഗമായ എസ്. വൈ. എസ് പത്ത് ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് ഇന്ത്യന്‍ പ്രസിഡണ്ടിന് മുമ്പാകെ ഭീമഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സമസ്തക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കപില്‍സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, സുല്‍ഫീക്കര്‍ അലി പി. എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരാവും.

ഇസ്‌ലാമിക ശരീഅത്തിന്റെ നിലനില്‍പ്പിന് ദോഷമായി ബാധിക്കുന്ന നീക്കങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും മുത്തലാഖ് ബില്ല് രാജ്യസഭയില്‍ പാസ്സാകാതിരിക്കാന്‍ മതേതര പാര്‍ട്ടികള്‍ ജാഗ്രത കാണിക്കാതിരുന്നത് അത്യന്തം ഖേദകരമാണെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവിച്ചു.
- Samasthalayam Chelari