മതേതര കക്ഷികള്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കണം: SKSSF

കോഴിക്കോട്: ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ ഗൗരവതരമായ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഭരണകൂടം മൗലികാവകാശത്തില്‍ പോലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കൈകടത്തുന്ന സാഹചര്യമുണ്ടായപ്പോള്‍ മതേതര കക്ഷികള്‍ യോജിച്ച് നില്‍ക്കാന്‍ തയ്യാറാവാതെ അലംഭാവം കാണിച്ചത് തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ജനതയോടുള്ള വഞ്ചനയാണ്. മുത്തലാഖ് ബില്ലിന്‍മേല്‍ എന്‍ ഡി എ കക്ഷികളില്‍ പോലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടു കൂടി അത് വേണ്ട വിധം ഉപയോഗപ്പെടുത്താനോ പ്രതിപക്ഷ കക്ഷികളില്‍ ഏകീകരണത്തിന് ശ്രമം നടത്താനോ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ് ലിംകളെ നിയമക്കുരുക്കിലാക്കിയും ഭയപ്പെടുത്തിയും കീഴടക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ യോഗം അപലപിച്ചു.

എസ് കെ എസ് എസ് എഫിന്റെ ദേശീയ തലത്തിലുള്ള സാമൂഹിക, വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികള്‍ക്ക് ആഗസ്റ്റ് 30, 31 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സില്‍ തുടക്കമാവും. സ്വാതന്ത്ര്യ ദിനത്തില്‍ ഇന്‍ക്ലൂസീവ് ഇന്ത്യ എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായി ഇരുനൂറ് കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ നടക്കും.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഷൗക്കത്തലി വെള്ളമുണ്ട, മുസ്തഫ അശ്‌റഫി കക്കുപടി, കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍ പോയില്‍, ശഹീര്‍ പാപ്പിനിശ്ശേരി, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, സുഹൈബ് നിസാമി നീലഗിരി, ആഷിഖ് കുഴിപ്പുറം, ഹബീബ് ഫൈസി കോട്ടോപാടം, ഫൈസല്‍ ഫൈസി മടവൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, ശഹീര്‍ ദേശമംഗലം, സുഹൈല്‍ വാഫി കോട്ടയം, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്കശ്ശേരി, ജാഫര്‍ യമാനി ലക്ഷദ്വീപ്, സുഹൈര്‍ അസ്ഹരി പള്ളംകോട് എന്നിവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും, ഡോ. ജാബിര്‍ഹുദവി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE