വിദ്യാഭ്യാസമാണ് ന്യൂനപക്ഷ ശാക്തീകരണത്തിന്റെ അടിസ്ഥാനം: മലപ്പുറം ജില്ലാ കലക്ടര്‍

തിരൂരങ്ങാടി: ന്യൂനപക്ഷ ശാക്തീകരണത്തിന്റെ ആദ്യ പടി ആരംഭിക്കേണ്ടത് വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണെന്നും അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് സമൂഹത്തില്‍ നിന്നുണ്ടാവേണ്ടതെന്നും മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ ഡി.എസ്.യുവിന്റെ പുതിയ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ന്യൂനപക്ഷ ശാക്തീകരണം എന്ന വിഷയത്തില്‍ നടത്തിയ അക്കാദമിക് സെമിനാറില്‍ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് എന്നത് അസാധ്യമായി കാണേണ്ടതില്ല. കഠിനാധ്വാനത്തോടൊപ്പം സാമൂഹിക പ്രതിബന്ധതയുണ്ടാകുമെന്ന ദൃഢപ്രതിജ്ഞയുമുണ്ടായാല്‍ നിഷ്പ്രയാസം കരഗതമാക്കാന്‍ കഴിയുന്നതാണ്. സമന്വയ വിദ്യാഭ്യാസം നേടുന്നതിലൂടെ രാജ്യത്തിന് ഏറെ ഉപകാരമുള്ള പണ്ഡിത പൗരരെയാണ് ലഭിക്കുന്നതെന്നും അ്‌ദ്ദേഹം അഭിപ്രായപ്പെട്ടു.

ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. പി.ജി ഡീന്‍ എ.ടി ഇബ്രാഹീം ഫൈസി തരിശ് അധ്യക്ഷനായി. കെ.സി മുഹമ്മദ് ബാഖവി, യു.ശാഫി ഹാജി ചെമ്മാട്, എം.കെ ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ഡോ. സയ്യിദ് മുഹ്‌സിന്‍ ഹുദവി കുറുമ്പത്തൂര്‍, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, ശംസുദ്ധീന്‍ ഹാജി വെളിമുക്ക്, ഹംസ ഹാജി മൂന്നിയൂര്‍, റശീദ് ഹുദവി ഏലംകുളം, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ സംബന്ധിച്ചു. ആദില്‍ എടയന്നൂര്‍ സ്വാഗതവും ഹിലാല്‍ പുന്നപ്ര നന്ദിയും പറഞ്ഞു.


ഫോട്ടോ: ദാറുല്‍ഹുദാ സ്റ്റുഡന്‍റ്സ് യൂണിയന്‍ സംഘടിപ്പിച്ച അക്കാദമിക സെമിനാറില്‍ ജില്ലാ കളക്ടര് ജാഫര് മാലിക് വിദ്യാര്ത്ഥികളുമായി സംവദിക്കുന്നു
- Darul Huda Islamic University