ഗവേഷക വിദ്യാര്‍ത്ഥി മഹ്മൂദ് ഹുദവിക്ക് നെതര്‍ലന്റ്‌സില്‍ രണ്ടുകോടി രൂപയുടെ ഗ്രാന്‍ഡ്

ആംസ്റ്റര്‍ഡാം(നെതര്‍ലാന്റ്‌സ്): ഗവേഷണ പഠനത്തിന് ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. മഹ്മൂദ് ഹുദവി കൂരിയക്ക് ഡച്ച് കൗണ്‍സിലിന്റെ രണ്ടു കോടി രൂപയുടെ ഗ്രാന്‍ഡ്. നെതര്‍ലന്റസിലെ ലെയ്ഡന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു ഗവേഷണ പഠനത്തിനാണ് ഡച്ച് ഭരണകൂടത്തിനു കീഴിലുളള ഡച്ച് നാഷണല്‍ റിസേര്‍ച്ച് കൗണ്‍സി (എന്‍.ഡബ്ലി.ഒ)ലിന്റെ ഗ്രാന്‍ഡ് അനുവദിച്ചത്.

ഇസ്‌ലാമിലെ മരുമക്കത്തായ സമ്പ്രദായത്തെ സംബന്ധിച്ച ഗവേഷണത്തിനാണ് ഡോ. മഹ്മൂദ് ഹുദവിക്ക് രണ്ടു കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചിരിക്കുന്നത്. ലോകത്ത് നിലനില്‍ക്കുന്ന മരുമക്കത്തായ സമൂഹത്തിലെ പ്രഗത്ഭരില്‍ നിന്നായി ഇതേസംബന്ധിച്ച വിവരങ്ങള്‍ ഗവേഷണ പഠനത്തിനായി ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഇന്ത്യക്കു പുറമെ ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, മൊസാംബിക്, മൊറോകോ എന്നീ രാജ്യങ്ങളില്‍ മഹ്മൂദ് ഹുദവി പഠനം നടത്തുന്നുണ്ട്. ഇതു വരെ 25 പേര്‍ക്ക് മാത്രമാണ് നെതര്‍ലന്റ്‌സ് യൂണിവേഴ്സിറ്റിയില്‍ നിന്നു ഈ ഗവേഷക ഗ്രാന്റ് നല്‍കിയിട്ടുള്ളത്. സഹായ ധനം നല്‍കുന്നതിന്റെ പരമാവധി തുകയാണ് രണ്ടു കോടി രൂപ.

ദാറുല്‍ഹുദായില്‍ നിന്ന് ഹുദവി ബിരുദം നേടിയ ശേഷം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് ചരിത്രപഠനത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫിലും കരസ്ഥമാക്കിയ മഹ്മൂദ് ഹുദവി നെതര്‍ലാന്റ്‌സിലെ ലെയ്ഡന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു തന്നെയണ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.

വിവിധ രാജ്യാന്തര വേദികളില്‍ പ്രബന്ധങ്ങളവതരിപ്പിച്ച ഡോ. മഹ്മൂദ് വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. നാല്‍പതിലധികം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശി പരേതനായ കൂരിയാടത്തൊടി കുഞ്ഞിമൊയ്തീന്‍ മുസ്ലിയാരുടേയും മാമ്പ്രത്തൊടി മൈമൂനത്തിന്റേയും മകനാണ്.


- Darul Huda Islamic University