SKSSF ത്വലബാ മീറ്റ് മട്ടന്നൂരില്‍

കണ്ണൂര്‍ : SKSSF മജ്‍ലിസ് ഇന്‍ത്വിസാബിന്‍റെ ഭാഗമായി അടുത്ത മാസം രണ്ട്, മൂന്ന്, തീയതികളില്‍ മട്ടന്നൂരില്‍ ത്വലബാ മീറ്റ് നടത്തുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും നാസര്‍ ഫൈസി കൂടത്തായിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കലുഷമായ വര്‍ത്തമാനകാല മത-സമൂഹിക സാഹചര്യങ്ങളില്‍ പണ്ഡിത സമൂഹത്തിന് ആവശ്യമായ വ്യക്തിത്വ വികാസം, സംഘടനാ വൈഭവം, നേതൃപാടവം എന്നിവ ലഭ്യമാക്കാനും ഇസ്‍ലാമിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പണ്ഡിത തലമുറക്ക് ആര്‍ജവം നല്‍കുകയുമാണ് മീറ്റിന്‍റെ ലക്ഷ്യം.

രണ്ടിന് രാവിലെ പത്ത് മണിക്ക് പാലോട്ടു പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. കെ. സുധാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. വിവിധ സെഷനുകളില്‍ നടക്കുന്ന സെമിനാറുകള്‍ മാണിയൂര്‍ അഹമ്മദ് മുസ്‍ലിയാര്‍ , അബ്ദുറഹ്‍മാന്‍ കല്ലായി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് വൈകീട്ട് സമാപന സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്‍റെ ഭാഗമായി കരിയര്‍ ക്ലിനിക്ക്, തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ബോധവത്കരണം, ക്ലിനിക്കല്‍ ലാബ്, ആര്‍ട്ട് ഗാലറി, പുസ്തകമേള എന്നിവ നടക്കും. ഏപ്രില്‍ 23, 24, 25 തീയതികളില്‍ കോഴിക്കോട്ടാണ് മജ്‍ലിസ് ഇന്‍തിസ്വാബ്.

വാര്‍ത്താസമ്മേളനത്തില്‍ എ.കെ. കമാല്‍ ഹാജി പറവൂര്‍ , അബ്ദുല്ല ദാരിമി കൊട്ടില, സിദ്ദീഖ് ഫൈസി വെണ്‍മണല്‍ , ഇബ്റാഹീം എടവച്ചാല്‍ , സത്താര്‍ കൂടാളി എന്നിവര്‍ പങ്കെടുത്തു.