ജെ.ഐ.സി. സായാഹ്ന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വിഹിച്ചു.ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യന്‍റെ നിസ്സഹായതകളെയാണെന്നും ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് പ്രാദേശികമോ പ്രാസ്ഥാനികമോ ആയ വിവേചനമില്ലാതെ സഹായ ഹസ്തമായി വര്‍ത്തിക്കാന്‍ പ്രവാസി സമൂഹം സന്നദ്ധമാകണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ബഗ്ദാദിയ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍ .


പ്രവാചകന്മാരിലൂടെ നല്‍കപ്പെട്ട ധാര്‍മ്മികതയുടെ ജീവിത വ്യവസ്ഥയാണ് ഇസ്‍ലാം, മനുഷ്യനെ മനുഷ്യനാക്കുന്നതിനും മാതൃകാ യോഗ്യരാക്കുന്നതിനും വേണ്ടി വിശുദ്ധ ഖുര്‍ആന്‍ കാണിച്ചു തരുന്ന വൈജ്ഞാനിക വെളിച്ചത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ സാധ്യമാകൂ. വൈയക്തിക സുഖ സൗകര്യങ്ങള്‍ക്കപ്പുറം സാമൂഹ്യ നന്മക്കും ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കുന്നതാവണം ജീവിതം. വൈകാരിക ക്ഷോഭങ്ങള്‍ക്കടിമപ്പെടാതെ സമാധാനത്തിന്‍റെ വാക്താക്കളാകാനും, ഖുര്‍ആന്‍ വിശേഷിപ്പിച്ച ഉത്തമ സമൂഹമായി നിലകൊള്ളാനും സമൂഹത്തെ പ്രാപ്തമാക്കാന്‍ വൈജ്ഞാനിക രംഗത്ത് അദ്വിതീയമായ സേവനങ്ങളര്‍പ്പിക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും വിധം, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും, പുസ്തക പ്രസാധക രംഗത്തും ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ നടത്തുന്ന വിപ്ലവകരമായ മുന്നേറ്റം ശ്ലാഘനീയമാണെന്നും തങ്ങള്‍ പറഞ്ഞു.


ജെ.ഐ.സി., എസ്.വൈ.എസ്. ജിദ്ദ ഘടകം, ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ജിദ്ദാ കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന സംഗമത്തില്‍ എം.എം. കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. സൌദി കെ.എം.സി.സി. ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഇസ്‍മാഈല്‍ ഹുദവി രണ്ടത്താണി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് ടി.എഛ് ദാരിമി സ്വാഗതമാശംസിച്ചു.


- Usman Edathil -