സമസ്ത പ്രസിഡന്‍റ് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

ഖബറടക്കം നാളെ (ബുധന്‍) ഉച്ചക്ക്2മണിക്ക് ആനക്കരയില്‍ 
സമസ്ത മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ആനക്കര: പ്രമുഖ സൂഫി വര്യനും പണ്ഢിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി . 81 വയസ്സായിരുന്നു. 
ഇന്ന് രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്‌ലാമിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. ഖബറടക്കം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആനക്കരയില്‍ വച്ചു നടക്കും.
1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്‌ലിയാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ കാലശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്വിമയുടെയും മകനായിട്ടാണു ജനനം.
മദ്‌റസാ പ്രസ്ഥാനം രൂപീകരിക്കുന്നതിനു യത്‌നിച്ചവരില്‍ പ്രമുഖനായിരുന്നു. ഒ.കെ.സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കഴുപുറം മുഹമ്മദ് മുസ്‌ലിയാര്‍, സി.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത്, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കെ.കെ.അബൂബക്കര്‍ ഹസ്രത്ത്, ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍,കടുപ്രം മുഹമ്മദ് മുസ്‌ലിയാര്‍, കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, രായിന്‍കുട്ടി മുസ്‌ലിയാര്‍ പടിഞ്ഞാറങ്ങാടി, കുഞ്ഞാനു മുസ്‌ലിയാര്‍ പട്ടാമ്പി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ഒതുക്കുങ്ങലില്‍ മുദരിസായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് വെല്ലൂര്‍ ബാഖിയാത്തില്‍ ഉന്നത പഠനത്തിനായി പോകുന്നത്. ബാഖവി ആയ ശേഷം തിരൂരങ്ങാടി വലിയപള്ളി, കൊയിലാണ്ടി, വമ്പേനാട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടിഞ്ഞി, കാരത്തൂര്‍ ബദ്‌രിയ്യാ കോളജ് എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തിട്ടുണ്ട്.
കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ കരുവാരകുണ്ട്, അബ്ദുല്ല മുസ്‌ലിയാര്‍ കടമേരി, അബ്ദുല്ല മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രധാന സഹപാഠികളാണ്. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരോടൊപ്പം സംഘടന വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. സൂഫീസരണയിലൂടെ മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹം ആധ്യാത്മികരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദ് നിരവധി സ്ഥലങ്ങളില്‍ ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു.
കാട്ടിപരുത്തി കുഞ്ഞയിദ്രു മുസ്‌ലിയാരുടെ മകള്‍ കെ.കെ ഫാത്വിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്‌നൂര്‍ ഫൈസി ആനക്കര (യു.എ.ഇ), അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹകീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ, സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍, ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി, ബുശ്‌റ കാട്ടിപരുത്തി, ഉമ്മുആഇശ കാരക്കാട്, ഫാത്വിമ കുറ്റിപ്പാല, മുബശ്ശിറത്ത് ചേകന്നൂര്‍.
ഉസ്താദിന്‍റെ നിര്യാണത്തില്‍ സമസ്ത നേതാക്കളും വിവിധ സംഘടനകളും അനുശോചനമറിയിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കണ്ണിയത്തുസ്താദിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന്.. സമസ്തയെ വഴി നടത്തിയ സൂഫി വര്യന്‍..

രണ്ടര പതിറ്റാണ്ടുകാലം സമസ്തയുടെ പ്രസിഡന്‍രായിരുന്ന റഈസുല് മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ അരുമ ശിഷ്യനായിരുന്നു ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍.

1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലായരുന്നു കിതാബോതി തുടങ്ങിയത്. 
കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ഓത്ത് തുടര്‍ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സിലാണ്.

കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെകെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.

കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. 
ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് ഓ.കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ദര്‍സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്‍ വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. 

ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍.

ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത് അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. 

നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2012 ലാണ് സമസ്ത പ്രസിഡന്‍ര് പദവിയെലുത്തുന്നത്.

സമസ്തയുടെ പ്രസിഡന്‍റാകുന്നതിനു മുന്പു തന്നെ ആനക്കരയടക്കം നിരവധി മഹല്ലുകളുടെ ഖാദിയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്, മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ സമസ്തയുടെ പ്രസിഡന്‍റാകുന്നതിനു മുന്പു തന്നെ വഹിച്ചു വന്നിരുന്നു..










കൂടുതല്‍ വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക