സഹചാരി ഫണ്ട് ശേഖരണം ജൂണ്‍ 10ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഈ വര്‍ഷത്തെ ഫണ്ട് ശേഖരണം റമളാനിലെ ആദ്യവെള്ളിയാഴ്ചയായ ജൂണ്‍ 10ന് നടക്കും. സംസ്ഥാനത്തെ എല്ലാ പള്ളികളിലും ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന ഫണ്ട് ശേഖരണത്തിലൂടെ കഴിഞ്ഞ പത്ത് വര്‍ഷമായി ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്.  റോഡപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും കിഡ്‌നി, ക്യാന്‍സര്‍ രോഗികള്‍ക്കുമായി സഹചാരിയില്‍ നിന്ന് ഇതിനകം രണ്ട് കോടിയിലധികം രൂപ ധനസഹായം നല്‍കി. സ്ഥിരമായി മരുന്ന് കഴിക്കുന്ന നിത്യരോഗികളായ മുന്നൂറ് പേര്‍ക്ക് ഇപ്പോള്‍ മാസാന്ത ധനസഹായം സഹചാരിയില്‍ നിന്നും ലഭ്യമാകുന്നുണ്ട്.  സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നൂറ് കേന്ദ്രങ്ങളില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പ്രത്യേക ചികിത്സാ പദ്ധതി ജൂലൈ മാസത്തില്‍ തുടക്കും കുറിക്കും. ജൂണ്‍ പത്തിന് പള്ളികളില്‍ ഉദ്‌ബോധനം നടത്തി ഫണ്ട് ശേഖരണം നടക്കും. 11ന് ജില്ലാ കേന്ദ്രങ്ങളിലും 12ന് സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട് ഇസ്‌ലാമിക് സെന്ററിലും ഫണ്ട് സ്വീകരിക്കും.  സഹചാരി സംസ്ഥാന സമിതി യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ആധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, റശീദ് ഫൈസി വെള്ളായിക്കോട്, ബശീര്‍ ഫൈസി ദേശമംഗലം, കെ.എന്‍.എസ്.മൗലവി, ഇബ്രാഹീം ഫൈസി പേരാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ സത്താര്‍ പന്തലൂര്‍ സ്വാഗതവും സഹചാരി വകുപ്പ് സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE