റമസാന്‍ : ഖുര്‍ആനിക മാസം



ഭൂമി, ആകാശം, ഗ്രഹം, ഗ്രഹപഥം, സൂര്യന്‍, ചന്ദ്രന്‍, കര, സമുദ്രം, പര്‍വ്വതം, കുഴി, നദി, താഴ്വര, സസ്യം, ജീവി, അതീന്ദ്രിയ പദാര്‍ത്ഥങ്ങള്‍ ഇവയടങ്ങുന്ന പ്രപഞ്ചത്തിലേക്ക് വഴിതെളിയിക്കുന്ന അമാനുഷികവും പഠനാര്‍ഹവുമായ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. നിരീക്ഷണവും ഗവേഷണവും നടത്തി ഇവയില്‍ അന്തര്‍ഭൂതങ്ങളായ പരശ്ശതം ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കാന്‍ സ്രഷ്ടാവ് ആജ്ഞാപിക്കുന്നു. ഖുര്‍ആന്‍ പഠനവും പാരായണവുമായി കഴിയാന്‍ നിമിത്തമാവണം, ആസന്നമായ റമസാന്‍ മാസം.
പ്രപഞ്ചത്തിലെ അനേക കോടി വസ്തുക്കളില്‍ ചെറിയൊരു ജീവിയാണ് മനുഷ്യന്‍. മനുഷ്യേതരങ്ങളായ പരശ്ശതം ജീവികള്‍ വേറെയുമുണ്ട്. അവക്ക് മനുഷ്യരെപ്പോലെ പ്രത്യേക സാമ്രാജ്യമുണ്ട്. ഭൂമിയില്‍ നടക്കുന്ന ജീവിയും ഇരു ചിറകുകള്‍കൊണ്ട് പറക്കുന്ന പറവയും നിങ്ങളെപ്പോലെ സമുദായങ്ങളാണ് (അല്‍ അന്‍ആം:38)
മനുഷ്യന്‍ അല്ലാഹുവെ ആരാധിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. വ്യവസ്ഥാപിതമായ ദൈവാരാധനയാണ് മനുഷ്യന്റെ ധര്‍മ്മം. മനുഷ്യരെപ്പോലെ ഇതര ജീവികളും അല്ലാഹുവിനെ ആരാധിക്കുന്നുണ്ട്. പക്ഷെ, മനുഷ്യരുടേതുപോലെ വ്യവസ്ഥാപിതമോ നിയമാധിഷ്ഠിതമോ അല്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും ചിറകുകള്‍ നിവര്‍ത്തിപ്പിടിച്ച പറവകളും അല്ലാഹുവിന് കീര്‍ത്തനം ചൊല്ലുന്നുവെന്ന് താങ്കള്‍ അറിഞ്ഞിട്ടില്ലേ. എല്ലാ ഓരോന്നിന്റെ നിസ്ക്കാരവും കീര്‍ത്തനവും അല്ലാഹു അറിഞ്ഞിട്ടുണ്ട്. (അന്നൂര്‍: 41)
കരജീവികള്‍, കടല്‍ജീവികള്‍, ഉഭയജീവികള്‍, ആകാശ ജീവിതം ശീലിച്ച പറവകള്‍, വന്യമൃഗങ്ങള്‍, മനുഷ്യരുമായി ഇണങ്ങുന്ന ജീവികള്‍, പ്രാണികള്‍ എന്നിവയെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇവയെക്കുറിച്ചു ഗവേഷണം നടത്തി ദൈവാസ്തിക്യം തെളിയിക്കാനാണിവ പ്രതിപാദിച്ചിരിക്കുന്നത്. വന്‍ജീവികളായ ആന, ഒട്ടകം തുടങ്ങിയവയും മനുഷ്യ നേത്രങ്ങള്‍ക്ക് അപ്രാപ്യമായ ബാക്ടീരിയകളും ഇതിലുണ്ട്. മോട്ടോര്‍ വാഹനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നതിന് മുമ്പ് കാടും മേടും താണ്ടി വര്‍ഷങ്ങള്‍ നീണ്ടുനിന്നിരുന്ന യാത്ര, മനുഷ്യ ജീവിത്തിനാവശ്യമായ മാംസം, പാല്‍, രോമം, അംസ്കൃത പദാര്‍ത്ഥങ്ങളായ ചാണകം, തോല്‍, ഔഷധമൂല്യമുള്ള തേന്‍ തുടങ്ങിയവ മനുഷ്യജീവിതം ധന്യമാക്കുന്നതില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്.
മനുഷ്യ സവിശേഷതകളായ ശക്തി, അശക്തി, ബുദ്ധി, അജ്ഞത, അഭിമാനം, ദുരഭിമാനം, സൗന്ദര്യം, വൈരൂപ്യം, ഉന്മേഷം, വെറുപ്പ് എന്നിത്യാദി അവസ്ഥാ ഭേദങ്ങളെക്കുറിച്ചുള്ള ഒരു പഠനം കൂടിയാണ് ഇതരജീവികളെക്കുറിച്ചുള്ള പ്രതിപാദ്യം. ചരിത്രാതീത കാലം മുതല്‍ക്കുതന്നെ മനുഷ്യന്‍ ജീവികളെ സന്തം ആവശ്യങ്ങള്‍ക്കുവേണ്ടി മെരുക്കി എടുത്തിരുന്നു. ആദിമ മനുഷ്യര്‍ക്ക് അജ്ഞേയങ്ങളായ പലതിലും മാര്‍ഗ്ഗദര്‍ശനം നല്‍കിയതും ഇതരജീവകളായിരുന്നു. ആദംനബിയുടെ സന്തതികള്‍ക്കിടയില്‍ നടന്ന കൊലപാതകത്തെതുടര്‍ന്ന് മൃതശരീരം മറവുചെയ്യാന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കിയതു ഒരു കാക്കയായിരുന്നുവെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. അപ്പോള്‍ തന്റെ സഹോദരന്റെ ശവം എങ്ങനെ മറവുചെയ്യണമെന്നു അവന് കാണിച്ചു കൊടുക്കാനായി ഭൂമിയില്‍ (കൊക്കുകൊണ്ടും കാലുകള്‍കൊണ്ടും മണ്ണുമാന്തി പിളര്‍ത്തുന്ന (എന്നിട്ടുശവമായി കിടന്ന മറ്റൊരു കാക്കയെ അതില്‍ മറവുചെയ്യുകയും ചെയ്തു) ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: ഹാ കഷ്ടം! ഈ കാക്കയെപ്പോലെ ആകുവാനും എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുവാനും ഞാന്‍ അശക്തനായല്ലോ, തന്നിമിത്തം അവന്‍ വേദക്കാരില്‍ പെട്ടവനായിതീര്‍ന്നു. (അപ്രകാരം അവരും കുഴിയുണ്ടാക്കി മറവുചെയ്തു) (അല്‍മാഇദ:31)
മനുഷ്യര്‍ക്ക് ഇതരജീവികള്‍ പലതിലും മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഭക്ഷണ സമ്പാദനം, സഹനശീലം, തൊഴില്‍ പരിശീലനം, വീടുനിര്‍മ്മാണം, അതിന്റെ ക്ഷേത്ര ഗണിതം, കുടുംബജീവിതം, വിശുദ്ധി ഇങ്ങനെ പലതിലും
പ്രഭാതം വിടരുന്നതോടെ പക്ഷികള്‍ ആകാശത്തുകൂടെ ശീഘ്രഗതിയില്‍ ഭക്ഷണം തേടി പറന്നകലുന്നതു കാണാം. സൂര്യാസ്തമയത്തോടെ അവ ലക്ഷ്യം പിഴക്കാതെ തിരിച്ചുകൂട്ടിലെത്തും. സ്വന്തമായി കൃഷിയോ, കൃഷിയിടമോ ഇല്ലാത്ത ഇവ എവിടെനിന്നാണ് നിത്യം ഭക്ഷണം ശേഖരിക്കുന്നത്. ബുദ്ധിയുള്ള മനുഷ്യന് ഇതില്‍ പാഠമുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പറന്നു വരുന്ന ദേശാടനപക്ഷികള്‍ ആഹാരം മാത്രമല്ല നിലനില്‍പും ലക്ഷ്യമാക്കുന്നില്ലേ?
സുരക്ഷിതമായ വൃക്ഷച്ചില്ലകളിലോ മറ്റോ അവ പണിയുന്ന കൊച്ചുകൂര എന്തുമാത്രം കമനീയമല്ല. ഉണങ്ങിയ വൃക്ഷച്ചില്ലകളും പുല്‍കൊടികളുമാണ് ആ വീടുകളുടെ നിര്‍മ്മാണ വസ്തുക്കള്‍. ദുര്‍ബ്ബലമെങ്കിലും മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിതമായി കഴിഞ്ഞുകൂടാന്‍ അവ പര്യാപ്തങ്ങളായിരിക്കും. സന്താനോല്‍പാദനവും സംരക്ഷണവും ഭക്ഷണശേഖരവും ഒക്കെ അതിനകത്തുതന്നെ. അല്ലലും അലട്ടലുമില്ലാതെ അവ അതിനകത്ത് സ്വൈരമായി ജീവിക്കുന്നു.
ഉറുമ്പും തേനീച്ചയും മനുഷ്യദൃഷ്ടിയില്‍ രണ്ടു നിസ്സാര ജീവികളാണ്. അവയെക്കുറിച്ച് പഠിക്കാന്‍ ഖുര്‍ആന്‍ പ്രത്യേകം ഉത്ബോധിപ്പിക്കുന്നുണ്ട്. ദൈവ നിഷേധികളുടെ മനസ്സ് മാറ്റാന്‍ അവയുടെ പഠനം ഉപകരിക്കും. അവയില്‍ അത്യാകര്‍ഷകമായ ഒന്നാണ് തേനീച്ചക്കൂട്. സാങ്കേതിക പരിജ്ഞാനം കൊണ്ടോ ശാസ്ത്രീയ ഗവേഷണങ്ങള്‍ കൊണ്ടോ സാധ്യമല്ലാത്തവിധം ഈ ജീവികള്‍ പണിയുന്ന ഭവനങ്ങളില്‍ പരശ്ശതം ദൈവിക ദൃഷ്ടാന്തങ്ങളുണ്ട്. അവക്കകത്തെ അറകളും അറകളില്‍ തേന്‍ നിക്ഷേപിക്കുന്നതും ആധുനിക രീതിയില്‍ പുറത്തിറങ്ങുന്ന എെസ്ബോക്സുകളെപ്പോലും പരാജയപ്പെടുത്തുന്ന മട്ടിലാണ്. മൈലുകള്‍ പറന്ന് പൂക്കളില്‍ നിന്നു തേന്‍ ശേഖരിച്ചു വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് തിരിച്ചെത്തുന്നത് എന്തുമാത്രം അത്ഭുതകരമല്ല. തേനീച്ചക്കൂട് പോലെയൊന്ന് അത്രവേഗത്തിലും ഭംഗിയിലും നിര്‍മ്മിക്കാന്‍ മനുഷ്യര്‍ക്കാവില്ല. അത്രമാത്രം സങ്കീര്‍ണ്ണവും കൃത്യവുമാണതിന്റെ ഘടന. ശീതകാലത്തേക്കാവശ്യമായ ഭക്ഷണം ഗ്രീഷ്മകാലത്ത് സംഭരിക്കുന്ന ജീവികളാണ് ഉറുമ്പുകള്‍. മാളത്തിനു ചുറ്റുവട്ടത്തെവിടെയെങ്കിലും ഭക്ഷണമുണ്ടെങ്കില്‍ അവ മണത്തറിയാന്‍ ഉറുമ്പുകള്‍ക്ക് പ്രത്യേകം ഘ്രാണശേഷിയുണ്ട്. അവയുടെ ഭക്ഷണ ശേഖരവും ഇരയന്വേിക്കുന്നവര്‍ അത് കണ്ടെത്തിയാല്‍ നല്‍കുന്ന സൂചനകളും അവയുടെ സാമൂഹ്യബോധവും കുടിലചിത്തരായ മനുഷ്യര്‍ക്ക് ചിന്തോദ്ദീപകങ്ങളാണ്. മുളവരാനിടയുള്ള നെല്‍മണികള്‍ രണ്ട് പിളര്‍പ്പാക്കിയും മല്ലി പോലുള്ളവ നാല് പിളര്‍പ്പാക്കിയുമാണ് ഉറുമ്പുകള്‍ മാളങ്ങളില്‍ സൂക്ഷിക്കുന്നത്.
മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്നൊരു വീട്ടു ജീവിയാണ് പൂച്ച. അതിന്റെ നാനാതരം പ്രവര്‍ത്തനങ്ങളെപറ്റി നാം ചിന്തിക്കാറില്ല. വെള്ളത്തോട് പരിപൂര്‍ണ അവജ്ഞയുള്ള ആ ജീവി അതിന്റെ മലിനശരീരം ശുദ്ധിയാക്കുക നാവും കൈകളുംകൊണ്ടാണ്. ഇത്തരത്തിലുള്ള ജീവികളുടെ ഇവ്വിധം പ്രവര്‍ത്തനങ്ങളാണ് മനുഷ്യര്‍ക്ക് മാതൃക സൃഷ്ടിച്ചത്.
ഖുര്‍ആനിലെ കുതിര

ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ കുതിരയെക്കുറിച്ച് പ്രതിപാദ്യമുണ്ട്. നഹ്ല് സൂറയില്‍ യാത്രക്കുപയോഗിക്കുന്ന മൂന്ന് മൃഗങ്ങളെക്കുറിച്ച് വിവരിക്കുന്നു. അവയിലൊന്ന് കുതിരയാണ്. കുതിരയെയും കോവര്‍ കഴുതയെയും കഴുതയെയും (അവന്‍ സൃഷ്ടിച്ചു). നിങ്ങള്‍ അതിന്മേല്‍ യാത്ര ചെയ്യുന്നതിനും ഭംഗിക്കായും.

അന്‍ഫാല്‍ സൂറയിലും വേറൊരു രീതിയില്‍ കുതിരയെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവരുമായുള്ള (സമരത്തിന്) നിങ്ങളുടെ കഴിവനുസരിച്ച് ശക്തി സംഭരിക്കുക. അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെ നിങ്ങള്‍ അറിയാത്തതും എന്നാല്‍ അല്ലാഹു അറിയുന്നതുമായ മറ്റു പലരെയും (കപടവിശ്വാസികളും ജൂതരും) ഭയപ്പെടുത്തും വിധം പടക്കുതിരയെയും സജ്ജീകരിക്കുക. (അല്‍ അന്‍ഫാല്‍:60) കിതച്ചു ചീറ്റിപ്പായുന്ന (കുതിരകളെ കൊണ്ട് സത്യം) കുളമ്പുകള്‍ തട്ടിയുരച്ചു (രാത്രി പാറയിലൂടെ നടക്കുമ്പോള്‍) അഗ്നി പുറപ്പെടുവിക്കുന്ന കുതിരകളെ കൊണ്ടും പ്രഭാതത്തില്‍ (ശത്രുക്കളെ) കടന്നാക്രമിക്കുകയും പൊടിപടലം ഉതിര്‍ക്കുകയും ശത്രുമധ്യത്തില്‍ ചെല്ലുകയും ചെയ്യുന്ന കുതിരകളെകൊണ്ട് സത്യം (വല്‍ആദിയാത്ത്: 15). (അവ. ചന്ദ്രിക)

എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം റംസാന്‍ പ്രഭാഷണം ഏഴു മുതല്‍

പെരിന്തല്‍മണ്ണ : എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാന്‍ പ്രഭാഷണം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഏഴിന് ഒമ്പതിന് പെരിന്തല്‍മണ്ണ നഗരസഭാ ടൗണ്‍ഹാളിലാണ് പരിപാടി. സംഘാടകസമിതി ഭാരവാഹികള്‍ : മുനവറലി തങ്ങള്‍ (ചെയ), സിദ്ദിഖ് ഫൈസി അമ്മിനിക്കാട് (ജന. കണ്‍), ശമീര്‍ഫൈസി ഒടമല (കണ്‍), പി.കെ.മുഹമ്മദ്‌കോയ തങ്ങള്‍ (ട്രഷ)

അരേറ്റക്കുന്നുമ്മല്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തു

താമരശ്ശേരി : വെഴുപ്പൂര്‍ അരേറ്റക്കുന്നുമ്മല്‍ പുതുതായി നിര്‍മിച്ച മസ്ജിദുരിള്‌വാന്‍ പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ വി.എം. ഉമ്മര്‍, സി.മോയിന്‍കുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍തങ്ങള്‍, എ.കെ. അബ്ബാസ്, നാസര്‍, എ.കെ.മജീദ്, എ.കെ.ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. അണ്ടോണ ജുമാമസ്ജിദ് മുദവിസ് ഉമ്മര്‍ വാഹബി മുഖ്യപ്രഭാഷണം നടത്തി. ഹാഫിസുറഹ്മാന്‍ സ്വാഗതവും എ.കെ.അഷ്‌റഫ് നന്ദിയും പറഞ്ഞു.

ചെങ്ങോട്ടുപൊയിലില്‍ സമൂഹനോമ്പുതുറ പത്തിന്

നരിക്കുനി : ചെങ്ങോട്ടുപൊയിലില്‍ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ നടത്തുന്ന സമൂഹനോമ്പുതുറ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി ആഗസ്ത് പത്ത് ബുധനാഴ്ച ചെങ്ങോട്ടുപൊയില്‍ മദ്രസയില്‍ നടക്കും. യോഗം എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍, സി.പി.അഷ്‌റഫ്, എന്‍.സി. നൗഫല്‍, സി.പി.നിസാര്‍, എം.സാലിഹ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി.പി.ഷംസുദ്ദീന്‍ (കണ്‍.), എം.ബഷീര്‍ (ചെയ.), എം.ആബിദ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. 

ഖാസിയുടെ മരണം : സി ബി ഐ യുടെ ഒത്തുകളി വ്യക്തം



അബ്ദുസ്സമദ് ദേളി

പ്രമുഖ പണ്ഡിതനും ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകണെന്ന കാര്യത്തില്‍ കേരള ജനതയ്ക്ക് സംശയമില്ല. കാരണം അദ്ദേഹത്തിന്റെ ആത്മീയ പിന്‍ബലം അത്ര ദൃഢമായിരുന്നു. മതത്തിന്റേതായാലും സമുദായകാര്യമായാലും, അതല്ല ഏത് പ്രവര്‍ത്തനവും അദ്ദേഹം നേതൃത്വം നല്‍കിപ്പോയിരുന്ന എല്ലാ കാര്യത്തിലും കണിശമായി നിലപാട് എടുത്തിരുന്ന, വിട്ടുവീഴ്ചയില്ലാതെ കാര്യങ്ങള്‍ ചെയ്തിരുന്ന അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ്, ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനു വേണ്ടി സത്യം മറച്ചുവെച്ച് എഫ് ഐ ആറില്‍ പോലും കൃത്രിമം കാണിച്ചു. ഈ പോലീസ് ഉദ്യോഗസ്ഥനെ ഉപയോഗിച്ചാണ്കുറ്റവാളികള്‍ ഈ കൃത്യം ചെയ്തതെന്ന് വ്യക്തം. ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ എത്തുന്നതിനു മുമ്പ് ഇദ്ദേഹം എത്തുകയും ചെയ്തു. പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ പറയുകയും ചെയ്തു മാത്രമല്ല സാധാരണ ഗതിയില്‍ ഒരു ദുരൂഹമരണം സംഭവിച്ചാല്‍ ചെയ്യുന്നതൊ്‌നനും ചെയ്തില്ല. ഇദ്ദേഹം വലിയ രാഷ്ട്രീയ ഉന്നത നേതാക്കളുടെ ഏജന്റാണെ്‌നന് പൊതു സംസാരമാണല്ലോ. പിന്നെ ക്രൈബ്രാഞ്ചും, അവസാനം സി ബി ഐ യെയും കേസ് ഏല്‍പ്പിച്ചു. 

സി ബി ഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ടാണ് അവര്‍ പിന്‍മാറുന്നത്. അന്വേഷണത്തിന്റെ പ്രഥമ ഘട്ടത്തില്‍ കൊലപാതകമെന്ന് സൂചന നല്‍കികൊണ്ടാണ് അന്വേഷണം മുന്നോട്ടുപോയത്. അതിനാലാണ് ചിലരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതും നുണ പരിശോധനകള്‍ നടത്തിയതും. ഒരു സൂചനയോ, കടുത്ത സംശയമോ ഇല്ലാതെ ഇങ്ങനെ ചെയ്യുമോ? ഇത് സി ബി ഐ യും കുറ്റവാളിയും തമ്മിലുള്ള ഒത്തുകളിയായിരിക്കും. അഭയകേസ് അന്വേഷിച്ചപ്പോള്‍ സംഭവിച്ചതുപോലെ ആദ്യം അന്വേഷിച്ച് ആത്മഹത്യ എന്നു പറഞ്ഞപ്പോള്‍ അവര്‍ കോടതിയെ സമീപിച്ച് സി ബി ഐ യുടെ പുതിയ വിംഗ് അന്വേഷിച്ച് കൊലപാതകമെന്ന് തെളിയിക്കുകയും, മുമ്പ് നടന്ന സാമ്പത്തിക ഒത്തുകളി പുറത്തുകൊണ്ടുവരികയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ പത്തുമാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ സ്ഥലം മാറ്റിയതു തന്നെ ചില ബാഹ്യശക്തികളുടെ ഇടപ്പെടല്‍മൂലമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്ര പെട്ടെന്ന് കേസ് ഡയറി പൂട്ടാന്‍ വെമ്പല്‍ കൊണ്ടതിന്റെ പിന്നില്‍ എന്താണെന്നത് ആരും പറയേണ്ടതില്ലല്ലോ. ഇതു സമുദായ വിഷയമാണ്. ഈ വിഷയത്തില്‍ സമസ്തയും, കീഴ്ഘടകവുമായ എസ് കെഎസ് എസ് എഫും മാത്രമല്ല ഇറങ്ങിത്തിരിക്കേണ്ടത്. സമുദായത്തിലെ എല്ലാ കക്ഷികളും സടകുടഞ്ഞ് എഴുന്നേല്‍ക്കണം. സ്വാധീനമുള്ളതും, ഇല്ലാത്തുമായ സകല വിഭാഗവും രംഗത്തുവരണം. ആദ്യ ഘട്ടത്തില്‍ സമരരംഗത്തുണ്ടായവര്‍ പോലും ഇന്നു കാണാനില്ലല്ലോ. വൈരുദ്ധ്യമായ മൊഴികള്‍ നല്‍കിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സി ബി ഐ സ്വീകരിച്ചത്. സി ബി ഐ പത്തുമാസം അന്വേഷിച്ച് നേരം കളഞ്ഞത്, നേരറിയാനോ അതല്ല നേരംപോക്കിനോ ? അതുമല്ലെങ്കില്‍ ചിലരുടെ അച്ചാരം വാങ്ങിപ്പോകാനോ !

വിവാദ ലേഖനം : സുബ്രഹ്മണ്യ സ്വാമിയെ ഉടന്‍ അറസ്റ്റ് ചെയ്യണം: എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട് : മുസ്ലിങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലേഖനം എഴുതിയ ജനതാപാര്‍ട്ടി നേതാവ് ഡോ. സുബ്രഹ്മണ്യ സ്വാമിയെ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാആക്ടിംങ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചവും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക ഭീകരതയെ എങ്ങനെ തുടച്ചുമാറ്റാം എന്ന ശീര്‍ഷകത്തില്‍ ജൂലൈ 16 ന് ഡി.എന്‍.എ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ന്യൂനപക്ഷ സമൂദയങ്ങള്‍ക്കിടയില്‍ അരക്ഷിതബോധവും ആശങ്കയും സൃഷ്ടിക്കുന്നരൂപത്തില്‍ പരാമര്‍ശം വന്നത്. ഇത് ഇന്ത്യയില്‍ വിഷംചീറ്റുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിയ തൊഗാടിയുടെ വാക്കിനേക്കാള്‍ കടുത്തതാണെന്നും ഇത്തരം പ്രസ്താവനകള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതേതരത്വവും യശസ്സും കളങ്കപ്പെടുത്താനേ ഉപകരിക്കൂ എന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.


ഇ-ദഅ്‌വ ഓണ്‍ലൈന്‍ സ്റ്റുഡിയോ ആരംഭിച്ചു

കോഴിക്കോട്: കേരള ഇസ്‌ലാമിക് ക്ലാസ് റൂമിന്റെ ഇ-ദഅ്‌വ ഓണ്‍ലൈന്‍ സ്റ്റുഡിയോ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ്‌കോയ തങ്ങള്‍, ടി.പി. ചെറൂപ്പ, കെ. മുഹമ്മദലി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, വി.പി. പൂക്കോയ തങ്ങള്‍, അബ്ദുറഹ്മാന്‍ മലയമ്മ, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അബ്ദുറസാഖ് വളക്കൈ, നിസാര്‍ ഫൈസി അരിപ്ര, എന്‍.സി. മുഹമ്മദ്, ഡോ. അബ്ദുറഹ്മാന്‍, സി.കെ.പി. അബ്ദുറഹ്മാന്‍, മുഹമ്മദ് നജീബ് യമാനി, അബ്ദുല്ല കുപ്പം, ഉമര്‍ ചെര്‍പ്പുളശ്ശേരി, അശ്‌റഫ് കാട്ടില്‍പീടിക, മുസ്തഫ കളത്തില്‍,മുസ്തഫ മുണ്ടുപാറ ,നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ സംസാരിച്ചു.

വ്യാജ മുടി; വിഘടിതര്‍ അക്രമപാതയിലേക്ക്.. ആലപ്പുഴയില്‍ വിശദീകരണ യോഗം കയ്യേറാന്‍ ശ്രമം.

ഇതു സം സംബന്ധിച്ച ഒരു പത്ര വാര്‍ത്ത‍

ആലപ്പുഴ: വിവാദ കേശം സംബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് തൃക്കുന്നപ്പുഴ മേഖലാ കമ്മിറ്റി പാനൂര്‍ പുത്തന്‍പുര ജങ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിത ശ്രമം. സംഘര്‍ഷത്തില്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. 
എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് മുസ്തഫ അഷ്‌റഫി കക്കുപ്പടി പ്രസംഗിക്കവെ പതിയാങ്കര കൊച്ചുപാണ്ട്യാലയില്‍ നൗഷാദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരുസംഘം എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ് വേദിക്കരികിലേക്ക് എത്തി. എന്നാല്‍ ഒരാള്‍ക്ക് വേദിയില്‍ കയറി ചോദ്യം ചോദിക്കാമെന്ന് സമ്മതം നല്‍കിയപ്പോള്‍ അതിന് വഴങ്ങാതെ എല്ലാവരും കൂടി വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തടയാന്‍ ശ്രമിച്ച എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനും സംഘാടകനുമായ പാനൂര്‍ പെരുമ്പുഴയില്‍ ഹുസൈന് മര്‍ദനമേറ്റു. ഹുസൈനെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് മതില്‍ചാടി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് തൃക്കുന്നപ്പുഴ എസ്.ഐ റാംമോഹന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സംഘര്‍ഷത്തിനിടെ തങ്ങളുടെ രണ്ട് ലാപ്‌ടോപ്പുകള്‍ നഷ്ടപ്പെട്ടതായും സാധനസാമഗ്രികള്‍ക്ക് കേടുസംഭവിച്ചതായും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കി.

ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ യു.എ.ഇ.യില്‍ എത്തി

അബൂദാബി : പ്രശസ്ത പണ്ഡിതനും വാഫി കോഴ്സ്‌ അഡ്വൈസറും വളാഞ്ചേരി മര്‍കസ്‌ ജനറല്‍ സെക്രട്ടറിയുമായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ യു.എ.ഇ.ഗവണ്‍മെന്റിന്റെ പ്രത്യേക അതിഥിയായി അബൂദാബിയില്‍ എത്തി. റമദാനിന്‍റെ ദിനരാത്രങ്ങള്‍ സജീവമാക്കാന്‍ യു.എ.ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദിന്‍റെ പ്രത്യേക ക്ഷണപ്രകാരം എത്തുന്ന ലോകപണ്ഡിതന്മാരില്‍ ഇന്ത്യന്‍ പ്രതിനിധിയായിട്ടാണ് അദ്ദേഹം ഇവിടെ എത്തിയത്. മുസ്ലിം സമൂഹത്തില്‍ വിശുദ്ധ റമദാന്‍റെ ആത്മീയ ചൈതന്യം പ്രസരിപ്പിക്കുക എന്ന ലകഷ്യത്തോടെ നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
ദീര്‍ഘകാലം യു.എ.ഇ. മതകാര്യ വകുപ്പില്‍ ഖത്തീബായി സേവനമനുഷ്ടിച്ച ഹംസക്കുട്ടി മുസ്ലിയാര്‍ അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട്, സുന്നി സ്റ്റുടന്‍റ്സ് സെന്‍റര്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളും മര്‍കസ്‌ വര്‍ക്കിംഗ് കമ്മിറ്റി പ്രതിനിധികളും ചേര്‍ന്ന് പാണക്കാട്ട് വെച്ച് അദ്ധേഹത്തിന് യാത്രയയപ്പ്‌ നലികി. നേരത്തെ മര്‍കസ്‌ കുടുംബം നല്‍കിയ യാത്രയയപ്പില്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പുറമേ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, വാഫി കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, എം.കെ.കോടശ്ശേരി, കുഞ്ഞാമു ഫൈസി, അഹ്മദ്‌ ഫൈസി കക്കാട്, പി.ടി.എ.പ്രസിഡണ്ട് അബ്ദുള്ളക്കോയ തങ്ങള്‍, സെക്രട്ടറി അഹ്മദ്‌ കുട്ടി മാസ്റര്‍, ഒ.എം.എസ.തങ്ങള്‍, ഷൌക്കത്ത് ഹാജി, നെടുങ്ങോട്ടൂര്‍ കുഞ്ഞഹമ്മദ്‌ മുസ്ലിയാര്‍, സഈദ്‌ മുസ്ലിയാര്‍ തിരുവനന്തപുരം തുടങ്ങിയവര്‍ പങ്കെടുത്തു

ഇന്ത്യയിലും ഗള്‍ഫിലും വിശുദ്ധ റമളാന്‍ ഇന്നാരംഭിക്കുന്നു...

ഏവര്‍ക്കും www.skssfnews.com ന്‍റെ വിശുദ്ധറമളാന്‍ ആശംസകള്‍

അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും മാസമായ വിശുദ്ധ റമസാന്‍ സമാഗതമായി. പകല്‍ നോമ്പനുഷ്ഠിച്ചും രാത്രി നമസ്കരിച്ചും ദാനധര്‍മങ്ങള്‍ നല്‍കിയും സുകൃതങ്ങള്‍ വര്‍ധിപ്പിച്ചും ഈ മാസത്തില്‍ വിജയം വരിക്കാന്‍ വിശ്വാസികള്‍ സന്നദ്ധരാകുന്ന സന്ദര്‍ഭമാണിത്. ഈ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ സജ്ജമാകണമെന്ന് റസൂല്‍ (സ) പ്രത്യേകം ഉപദേശിച്ചിട്ടുണ്ട്. അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചു: ""റമസാന്‍ മാസത്തിലെ ആദ്യ രാത്രി സമാഗതമായാല്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും തടവിലാക്കപ്പെടും. നരക കവാടങ്ങള്‍ അടക്കപ്പെടും. അതില്‍ നിന്നൊരു കവാടവും പിന്നെ തുറക്കപ്പെടുകയില്ല. അപ്രകാരം സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടും. പിന്നീടതില്‍ നിന്ന് ഒരു കവാടവും അടക്കപ്പെടുകയില്ല. അനന്തരം, നന്‍മ തേടുന്നവനേ മുന്നോട്ടു വരൂ, തിന്‍മ കാംക്ഷിക്കുന്നവരേ പിന്‍മാറൂ എന്ന വിളംബരമുണ്ടാകും. അല്ലാഹു നിരവധിയാളുകളെ നരകത്തില്‍ നിന്ന് മോചിപ്പിക്കും. എല്ലാ രാത്രികളിലും ഇതാവര്‍ത്തിക്കും''.
ഈ പരിപാവന മാസത്തിന്റെ പവിത്രതക്ക് കോട്ടം തട്ടുന്ന ഏഷണി, പരദൂഷണം തുടങ്ങി അല്ലാഹുവിന് ഇഷ്ടമില്ലാത്ത തിന്‍മകളില്‍ നിന്നെല്ലാം മാറി നില്‍ക്കാന്‍ നോമ്പുകാരന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റസൂല്‍ (സ) അരുള്‍ ചെയ്തു: "അസത്യ ഭാഷണവും അനാശാസ്യ പ്രവര്‍ത്തനങ്ങളും കൈവെടിയുന്നില്ലങ്കില്‍ അവന്‍ തന്റെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് താല്‍പര്യമില്ല (ബുഖാരി''.

വിശ്വാസികളില്‍ സൂക്ഷ്മതാ ബോധം വളര്‍ത്താനാണ് വ്രതം നിര്‍ബന്ധമാക്കിയതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ ശാസനകള്‍ അംഗീകരിക്കുക, അല്ലാഹു വിരോധിച്ച കാര്യങ്ങള്‍ വെടിയുക.

നിയ്യത്ത് നന്നാക്കിയും പശ്ചാത്തപിച്ചും സല്‍കര്‍മങ്ങള്‍ ചെയ്തും വേണം നാം വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍. പൂര്‍വ പാപങ്ങളെല്ലാം പൊറുക്കപ്പെടാന്‍ നോമ്പ് പര്യാപ്തമാണെന്ന് റസൂല്‍ (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

അതിനാല്‍ റമസാനില്‍ വ്രതമെടുക്കുന്ന വിശ്വാസികള്‍ അതിന്റെ വിധിവിലക്കുകള്‍ വിവരമുള്ളവരില്‍ നിന്ന് പഠിച്ചറിയേണ്ടതുണ്ട്. നോമ്പിന്റെ രാപകലുകള്‍ ഖുര്‍ആന്‍ പാരായണം, ദൈവ സ്മരണ, പഠനം, പരസഹായം, കുടുംബ ബന്ധം ചേര്‍ക്കല്‍ തുടങ്ങിയ സല്‍കര്‍മ്മങ്ങള്‍ക്കായി നീക്കി വെക്കണം. അനാവശ്യ വൃത്തികളില്‍ നിന്നും അവന്‍ പൂര്‍ണമായും മാറിനില്‍ക്കുകയും വേണം. നബി (സ) പഠിപ്പിച്ചു: ""നിങ്ങളുടെ വ്രതനാളുകള്‍ സമാഗതമായാല്‍ സഭ്യേതര സംസാരങ്ങളോ അനാവശ്യ വൃത്തികളോ അവിവേകമോ പാടില്ല. ഇനി ആരെങ്കിലും ഇങ്ങോട്ട് അവിവേകം കാണിച്ചാല്‍ തന്നെ അവന്‍ "ഞാന്‍ നോമ്പുകാരനാണ്' എന്ന് മറുപടി പറയട്ടെ''.

നോമ്പുകാരെ സ്വീകരിക്കാന്‍ റയ്യാന്‍ എന്ന സ്വര്‍ഗ കവാടമാണ് തയാറായി നില്‍ക്കുന്നത്. ""സ്വര്‍ഗത്തിന് റയ്യാന്‍ എന്ന പ്രത്യേക കവാടമുണ്ട്. അതിലൂടെ നോമ്പുകാര്‍ വിളിക്കപ്പെടും. അങ്ങനെ നോമ്പുകാര്‍ അതില്‍ പ്രവേശിക്കും. അതിലൂടെ പ്രവേശിച്ചവര്‍ക്ക് പിന്നീടൊരിക്കലും ദാഹിക്കുകയില്ല''.

ആ വിധം പാപമോചനവും സ്വര്‍ഗ പ്രവേശവും ലഭിക്കുന്നതിനായി നാം പ്രയത്നിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീന്‍

SKSSF ബ്ലോഗിങ്ങ് മത്സരം നടത്തുന്നു

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ്. ക്യാന്പസ് വിംഗ് ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതപ്പെട്ട ദിനത്തിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്പില്‍ പൊതു സമൂഹത്തിനിടയില്‍ യുദ്ധക്കൊതികള്‍ക്കും സാമ്രാജ്യത്വ കടന്നു കയറ്റത്തിനുമെതിരെ ഒരു ചിന്താശകലം ഉണ്ടാക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍ ബ്ലോഗിങ്ങ് മത്സരം നടത്തുന്നു. ഹിരോഷിമ എന്ന വിഷയത്തില്‍ അധിഷ്ഠിതമായി ബ്ലോഗിങ്ങിന്‍റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി മത്സരത്തില്‍ പങ്കെടുക്കാം. ഹിരോഷിമ ദിനത്തോടനുബന്ധിച്ച എല്ലാവിധ പോസ്റ്റുകളും (കവിത, കഥ, ലേഖനം, നര്‍മ്മം, യാത്രാ വിവരണം, ചരിത്രം, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ) മത്സരത്തില്‍ സ്വീകാര്യമാണ്. വായനക്കാരുടെ വോട്ടിങ്ങിലൂടെയും ജഡ്ജികളുടെ വിലയിരുത്തലിന്‍റെയും ഫലമായാണ് വിജയികളെ പ്രഖ്യാപിക്കുക. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും. വിശദ വിവരങ്ങള്‍ക്ക് www.skssfcwblog.blogspot.com എന്ന ബ്ലോഗ് സന്ദര്‍ശിക്കുക. അവസാന തിയ്യതി ഓഗസ്ത് 9 രാത്രി 12 മണി.
- ശാബിന്‍ മുഹമ്മദ് -

ഖാഫില ജിദ്ദ സ്നേഹ സംഗമം നടന്നു

ജിദ്ദ : കേരള ഇസ്‍ലാമിക് ക്ലാസ് റൂം അംഗങ്ങളുടെ കൂട്ടായ്മ (ഖാഫില ജിദ്ദ) ജിദ്ദയില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം പ്രവര്‍ത്തകരുടെ ആവേശകരമായ പങ്കാളിത്തം കൊണ്ടും പ്രാസ്ഥാനിക ചിന്തകളുടെ സംവേദനം കൊണ്ടും ശ്രദ്ധേയമായി. ഇന്നോളം ക്ലാസ് റൂമില്‍ ശബ്ദം കൊണ്ട് മാത്രം സുപരിചിതരായ മുപ്പതോളം അംഗങ്ങള്‍ പരസ്പരം കണ്ടപ്പോള്‍ അത് അനിര്‍വ്വചനീയമായ ഒരു നവ്യാനുഭവമായി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂരിന്‍റെ അധ്യക്ഷതയില്‍ ശറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഗമത്തില്‍ മുജീബ് റഹ്‍മാന്‍ റഹ്‍മാനി സ്വാഗതം പറഞ്ഞു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ദീനിന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഓരോ സത്യവിശ്വാസിയുടെയും ബാധ്യതയാണെന്നും യുവ തലമുറയെ ധാര്‍മ്മിക ബോധമുള്ള ഉത്തമ സമൂഹമാക്കി വളര്‍ത്തിയെടുക്കാന്‍ ഓണ്‍ലൈന്‍ ദഅ്‍വാ രംഗത്തെ പ്രവര്‍ത്തനങ്ങളിലൂടെ എറെ കാര്യങ്ങള്‍ സാധിക്കുമെന്നും അതിന്‍റെ ഉത്തമ ഉദാഹരണമാണ് കേരള ഇസ്‍ലാമിക് ക്ലാസ് റൂം എന്നും മുജീബ് റഹ്‍മാന്‍ റഹ്‍മാനി പറഞ്ഞു. യഥാര്‍ത്ഥ ദീനിന്‍റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന സമസ്തയുടെ നേതൃത്വത്തില്‍ വളര്‍ന്നു വന്ന, കേരളത്തിനകത്തും ലോകത്തിന്‍റെ ഏത് ഭാഗത്തുമുള്ള കേരളീയ മുസ്‍ലിം മഹാ ഭൂരിപക്ഷം വരുന്ന സുന്നി സമൂഹം പ്രാസ്ഥാനിക രംഗങ്ങളിലും  സമകാലിക പ്രശ്നങ്ങളിലും സദാ കാതോര്‍ക്കുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിലപാടുകള്‍ അറിയുന്നതിന് വേണ്ടിയാണെന്നിരിക്കെ, അനുനിമിഷം ആ സന്ദേശങ്ങള്‍ സമൂഹത്തെ അറിയിക്കാനും ഊഹാപോഹങ്ങളില്‍ നിന്നും കുപ്രചരണങ്ങളില്‍ നിന്നും പൊതു സമൂഹത്തെ രക്ഷപ്പെടുത്താനും കേരള ഇസ്‍ലാമിക് ക്ലാസ് റൂമിലൂടെ സാധ്യമാകുന്നു എന്നത് വലിയൊരു അനുഗ്രഹമാണ്. കൂടുതല്‍ പ്രവര്‍ത്തകരിലേക്ക് ക്ലാസ് റൂമിന്‍റെ സന്ദേശങ്ങള്‍ എത്തിക്കുന്നതിനും പഠനാര്‍ഹമായ കൂടുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനും ക്ലാസ് റൂമിന്‍റെ നേതൃത്വവുമായി ബന്ധപ്പെട്ട ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സഹകരിക്കുന്നതിനും സംഗമം സന്നദ്ധത പ്രകടിപ്പിച്ചു. മുഴുവന്‍ പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തു.

മുജീബ് റഹ്‍മാനി, സാലിം (അല്‍ വാഫി), സിദ്ധീഖ് അരിന്പ്ര, അബ്ദുല്ല തോട്ടക്കാട്, ഫഹദ് പി.കെ., അമീര്‍ ഇരിങ്ങല്ലൂര്‍, എന്‍.പി. അബൂബക്കര്‍ സാഹിബ്, അബ്ദുല്‍ കരീം ഫൈസി, സയ്യിദ് സിറാജ് തങ്ങള്‍, നൌഷാദ് അന്‍വരി (അബൂ റാശിദ്), കുഞ്ഞി മുഹമ്മദ് കാരാതോട് (നുജൂം), സി.എച്ച്. നാസിര്‍, കെ.കെ. ജലീല്‍, സയ്യിദ് നബ്ഹാന്‍ തങ്ങള്‍ പാണക്കാട്, അശ്റഫലി തറയിട്ടാല്‍ (അശ്റഫലി കൊണ്ടോട്ടി), നൌഫല്‍ തവനൂര്‍, അലി ഉള്ളണം, എം. അബ്ദുല്ല തൃപ്പനച്ചി (എം.എം. തൃപ്പനച്ചി), അബ്ദുല്‍ ലത്തീഫ് യമാനി, അബ്ദുന്നാസര്‍ തൃപ്പനച്ചി, സിറാജ് വലിയോറ, മുഹമ്മദ് അശ്റഫ് (റംസാന്‍), മുനീര്‍ (തൃപ്പനച്ചി പാലക്കാട്), അബ്ദുല്‍ അസീസ് (അസി ഐക്കര), സാദിഖലി പാണക്കാട്, റിയാസ് കോടന്പുഴ, ഉസ്മാന്‍ എടത്തില്‍ തുടങ്ങി മുഴുവന്‍ പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

മസ്ജിദ് ഉദ്ഘാടനം ചെയ്തു


ഓമശേരി: അമ്പലക്കണ്ടി ക്രസന്റ് ജങ്ഷനില്‍ പുതുതായി നിര്‍മിച്ച മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ പി.വി. മൂസമുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.വാവാട് പി.കെ.കുഞ്ഞിക്കോയ മുസ്‌ലിയാര്‍, നാസിര്‍ ഫൈസി കൂടത്തായ്, അബൂബക്കര്‍ ഫൈസി മലയമ്മ, എ.യു. മുഹമ്മദ്‌ഫൈസി, അബ്ദുല്ലഫൈസി, പി.സി.ഉബൈദ്‌ഫൈസി, എം.ടി. ഇബ്രാഹിം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിശുദ്ധറമളാന്‍ ; മസ്കത്ത് സുന്നി സെന്ററില്‍ വിപുലമായ ഒരുക്കങ്ങള്‍

മസ്കത്ത്: റമസാനെ സ്വീകരിക്കാന്‍ സുന്നി സെന്റര്‍ വിപുലമായ പരിപാടികള്‍ക്ക് രൂപം നല്‍കി. ഓഗസ്റ്റ് 2,9,16 തീയതികളില്‍ ലക്ഷ്വറി കോച്ച് ബസുകളില്‍ റമസാന്‍ ഉംറ സംഘങ്ങള്‍ പുറപ്പെടും. ഓരോ സംഘത്തിനും പ്രഗത്ഭരായ അമീറുമാര്‍ നേതൃത്വം നല്‍കും. റൂവി, മച്ചി മാര്‍ക്കറ്റ് പള്ളി, മസ്ജിദ് ഖാബൂസ്, കോര്‍ണിഷ് ശൈഖ് മസ്ജിദ്, ത്വാലിബ് മസ്ജിദ് (മത്റഹ്), ശമാമീര്‍ മസ്ജിദ് (മത്റഹ്), ഓള്‍ഡ് എയര്‍പോര്‍ട്ട് മസ്ജിദ്, ഖുറം തുടങ്ങിയ സ്ഥലങ്ങളില്‍ സെന്ററിന് കീഴില്‍ തറാവീഹ് നമസ്കാരം സംഘടിപ്പിച്ചിട്ടുണ്ട്. നമസ്കാര ശേഷം പ്രമുഖ പണ്ഡിതന്മാര്‍ ഉദ്ബോധന പ്രസംഗം നടത്തും.
ആയിരങ്ങള്‍ പങ്കെടുക്കുന്ന സമൂഹ നോമ്പുതുറ ഓഗസ്റ്റ് 12ന് വെള്ളി സുന്നി സെന്റര്‍ മദ്രസാ ഓഡിറ്റോറിയത്തില്‍ നടക്കും. മസ്കത്തിലെ മത, സാംസ്കാരിക, സംഘടനാ നേതാക്കള്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കും. നോമ്പിന്റെ കര്‍മശാസ്ത്ര വിധികള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖ വിതരണം, റിലീഫ് പ്രവര്‍ത്തനങ്ങള്‍, പ്രത്യേക ദിവസങ്ങളില്‍ പ്രാര്‍ത്ഥനാ സദസ്സുകള്‍ തുടങ്ങിയ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

കാപ്പാട്‌ കടപ്പുറത്ത്‌ മാസപ്പിറവി ദൃശ്യമായി



കോഴിക്കോട്‌: ഇനിയൊരു മാസം ആത്മീയനിര്‍വൃതിയുടെ നാളുകള്‍. കേരളത്തിനു പുറമെ ഗള്‍ഫ്‌ നാടുകളിലും ഇന്നുതന്നെയാണു റമദാന്‍ വ്രതാരംഭം. 
കാപ്പാട്‌ കടപ്പുറത്ത്‌ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്നു റമദാന്‍ വ്രതമാരംഭിക്കുമെന്ന്‌ ഖാസിമാരായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ്‌ വി എം മൂസ മൌലവി, ജമാഅത്ത്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കടയ്ക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവി, ടി കെ എം ബാവ മുസ്‌ല്യാര്‍, ത്വാഖ അഹമ്മദ്‌ മൌലവി തുടങ്ങിയവര്‍ അറിയിച്ചു. 

SKSSF ക്യാമ്പസ്‌ വിംഗ് ബ്ലോഗിങ്ങ് മത്സരം നടത്തുന്നു


കോഴിക്കോട്‌:
ഹിരോഷിമയുടെ ചരിത്രം തിരുത്തിയെ
ഴുതപ്പെട്ട ദിനത്തിന്‍റെ ഓര്‍മ്മകള്‍ക്കു മുന്പില്‍ പൊതുസമൂഹത്തിനിടയില്‍ യുദ്ധക്കൊതികള്‍ക്കും സാമ്രാജ്യത്വ കടന്നു കയറ്റത്തിനുമെതിരെ ഒരു ചിന്താശകലം ഉണ്ടാക്കുന്നതിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ്. ക്യാംപുസ് വിംഗ് ബ്ലോഗിംഗ് മത്സരം നടത്തുന്നു
. 'ഹിരോഷിമ' എന്ന വിഷയത്തിലാണ് മത്സരം നടത്തുന്നത്. ഹിരോഷിമ ദിനത്തോട് ബന്ധപ്പെട്ട കഥ, കവിത, ലേഖനം, നര്‍മ്മം, യാത്രാവിവരണം തുടങ്ങിയ എല്ലാ പോസ്റ്റുകളും മത്സരത്തിന് സ്വീകാര്യമാണ്.
ബ്ലോഗിങ്ങിന്‍റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി മത്സരാര്‍ഥികള്‍ തങ്ങളുടെ ബ്ലോഗ് തയ്യാറാക്കി. പോസ്റ്റുകളുടെ ലിങ്ക് ക്യാന്പസ് വിംഗിന്‍റെ മെയിലിലേക്ക് (skssfcwblog@gmail.com) അയച്ച് കൊടുക്കുക. അവസാന തിയ്യതി ഓഗസ്റ്റ്‌ 9 രാത്രി 12 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.skssfcwblog.blogspot.com