സമസ്ത പൊതുപരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചേളാരി: 2021 ഏപ്രില്‍ 2,3 തിയ്യതികളില്‍ വിദേശങ്ങളിലും, 3, 4 തിയ്യതികളില്‍ ഇന്ത്യയിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. വിദേശത്ത് ഓണ്‍ലൈന്‍ ആയും, ഇന്ത്യയില്‍ ഓഫ് ലൈന്‍ ആയുമാണ് പരീക്ഷ. 7219 സെന്ററുളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. 141 സൂപ്രണ്ടുമാരെയും 10,844 സൂപ്രവൈസര്‍മാരെയും പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. സൂപ്രണ്ടുമാര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം പൂര്‍ത്തിയായി. രണ്ടാം ഘട്ട പരിശീലനവും പരീക്ഷാ സാമഗ്രികളുടെ വിതരണവും ഏപ്രില്‍ 1ന് രാവിലെ 9 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 2ന് ഉച്ചക്ക് ശേഷം 2മണിക്ക് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. മാര്‍ച്ച് 25 മുതല്‍ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. മദ്റസ ലോഗിന്‍ ചെയ്ത് സദര്‍ മുഅല്ലിംകള്‍ ഹാള്‍ടിക്കറ്റുകള്‍ പ്രിന്റ് എടുത്ത് സാക്ഷ്യപ്പെടുത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. ഹാള്‍ടിക്കറ്റില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല. 2021 ഏപ്രില്‍ 7,8 തിയ്യതികളില്‍ മൂല്യനിര്‍ണയം നടക്കും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം 141 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടക്കുക. പരീക്ഷ സെന്ററുകളും മൂല്യനിര്‍ണയ ക്യാമ്പുകളും പൂര്‍ണമായും കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചാണ് നടക്കുക. പരീക്ഷയുടെ കാര്യക്ഷമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari