മലബാറിലെ ഉപരിപഠനത്തിന് അധിക ബാച്ചുകള്‍ അനുവദിക്കണം: SKSSF

കോഴിക്കോട്: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ച് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഡോ. കെ. ടി ജാബിര്‍ ഹുദവി അധ്യക്ഷത വഹിച്ചു. ഇപ്പോള്‍ അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഓരോ വര്‍ഷവും ആനുപാതികമായി സീറ്റ് വര്‍ധിപ്പിക്കുന്ന അശാസ്ത്രീയമായ പൊടിക്കൈകള്‍ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരരുത്. മധ്യകേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഏഴായിരത്തോളം സീറ്റുകള്‍ മലബാറിലേക്ക് മാറ്റിയാല്‍ സര്‍ക്കാരിന് സാമ്പത്തിക പ്രയാസമില്ലാതെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാന്‍ കഴിയും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുകയും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടുകയും ചെയ്ത മലപ്പുറം ജില്ലയില്‍ കാല്‍ ലക്ഷം സീറ്റുകളുടെ കുറവുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകളില്‍ ആവശ്യത്തിന് പ്ലസ്ടു ബാച്ച് അനുവദിച്ച് മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കൂടെ നില്‍ക്കാന്‍ സര്‍ക്കാര്‍ മനസ്സ് കാണിക്കണം യോഗം ആവശ്യപ്പെട്ടു. റഫീഖ് അഹമ്മദ് തിരൂര്‍, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആശിഖ് കുഴിപ്പുറം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, ശഹീര്‍ ദേശമംഗലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഒ പി അശ്‌റഫ് കുറ്റിക്കടവ്, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഇസ്മായില്‍ യമാനി മംഗലാപുരം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE