നിഖാബ് ധരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നിയമ സഹായം നല്‍കും: SKSSF

കോഴിക്കോട്: നിഖാബ് ധരിച്ച് കാമ്പസുകളില്‍ വരാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ നിയമ സഹായം നല്‍കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതിനായി പ്രത്യേകം അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിക്കും. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ തടയാന്‍ ഒരു സ്ഥാപന മാനേജ്‌മെന്റിനും അധികാരമില്ല. കോടതി വിധികള്‍ വളച്ചൊടിച്ച് ചിലരുടെ മതവിരുദ്ധ താത്പര്യങ്ങള്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. സമാനമനസ്‌കരോടൊന്നിച്ച് ഇത്തരം നീക്കങ്ങളെ ശക്തമായി ചെറുത്തു തോല്‍പ്പിക്കും. സമസ്തയേയും മത പണ്ഡിതരേയും അപഹസിക്കുന്ന എം ഇ എസ് പ്രസിഡന്റിന്റെ വാചകമടി അവസാനിപ്പിച്ചില്ലെങ്കില്‍ സംഘടനയും സ്ഥാപനങ്ങളും കനത്ത വില നല്‍കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഡോ. കെ. ടി ജാബിര്‍ ഹുദവി അദ്ധ്യക്ഷത വഹിച്ചു. റഫീഖ് അഹമ്മദ് തിരൂര്‍, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആശിഖ് കുഴിപ്പുറം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, ശഹീര്‍ ദേശമംഗലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഒ പിഅശ്‌റഫ്, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഇസ്മായില്‍ യമാനി മംഗലാപുരം എന്നിവര്‍ സംസാരിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE