തമിഴ്നാട്ടിലെ നോര്‍ത്ത് ആര്‍ക്കാട് ജില്ലയില്‍ വെല്ലൂര്‍ നഗരത്തിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ബാഖിയാത്തുസ്വാലിഹാത്ത് സ്ഥിതിചെയ്യുന്നത്. 1857ല്‍ സ്ഥാപിക്കപ്പെട്ട ബാഖിയാത്ത് ഇന്ത്യയിലെത്തന്നെ ഉന്നത മതപഠന കേന്ദ്രമാണ്.
ഹാഫിസ് അബ്ദുല്‍ ഖാദിര്‍ - ഫാത്തിമ ദമ്പതികളുടെ മകനായി ആത്തൂരില്‍ ജനിച്ച് ഉമ്മയുടെ നാടായ വെല്ലൂരിലേക്ക് താമസം മാറ്റിയ മൗലാനാ അബ്ദുല്‍ വഹാബ് ഹസ്രത്താണ് സ്ഥാപകന്‍. ശൈഖേ വെല്ലൂര്‍, ശംസുല്‍ ഉലമാ, അഅ്‌ലാ ഹസ്രത്ത് എന്ന പേരുകളിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ക്രാന്തദര്‍ശിയും നിറഞ്ഞ വിജ്ഞാനത്തിന്റെ ഉടമയും ആത്മീയ ഗുരുവുമായിരുന്ന അബ്ദുല്‍ വഹാബ് ഹസ്രത്തിനുണ്ടായ ഒരു സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം വീട്ടിലും തുടര്‍ന്ന് പള്ളിയിലും പുതിയ കെട്ടിടത്തിലും ആരംഭിച്ച സ്ഥാപനത്തിന്, അല്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്ന് നാമകരണം ചെയ്തത്. ഇവിടെ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയവരാണ് ബാഖവികള്‍. 'മൗലവി ഫാസില്‍ ബാഖവി' (എം.എഫ്.ബി) എന്നാണ് ബിരുദത്തിന്റെ പൂര്‍ണ്ണനാമം. പഴയകാല പണ്ഡിതന്‍മാര്‍ എം.എഫ്.ബി എന്ന പേരില്‍ അറിയപ്പെട്ടതും അതുകൊണ്ടാണ്.

നൂറ്റിയമ്പത് വര്‍ഷമായി ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ 'മൗലവി' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് ബാഖിയാത്ത് ബിരുദത്തിന്റെ തുടക്കത്തില്‍ 'മൗലവി' ഉണ്ടായതുകൊണ്ടാണെന്ന് വിചാരിക്കാനാവും. തുടര്‍ന്ന് മൗലവി എന്ന പേരില്‍ എല്ലാ ബിരുദ സ്ഥാപനങ്ങളും ബാഖിയാത്തിനോടനുഗമിക്കുകയായിരുന്നു. ഉദാഹരണം: 1962ല്‍ സ്ഥാപിതമായ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക് കോളജ് സ്വീകരിച്ച ബിരുദത്തിന്റെ പേര്, മൗലവി ഫാസില്‍ ഫൈസാബാദ് (എം.എഫ്.എഫ്) എന്നും നന്തി ദാറുസ്സലാം അറബിക് കോളജ് സ്വീകരിച്ചത് മൗലവി ഫാസില്‍ ദാരിമി (എം.എഫ്.ഡി) എന്നുമാണല്ലൊ. അറബിക് കോളജുകളിലെ മറ്റെല്ലാ ബിരുദ സ്ഥാപനങ്ങളും അങ്ങനെതന്നെയാണെന്ന് കാണാനാവും.