ജാമിഅക്കു കീഴില്‍ കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍; ഹിഫ്‌ള് പൂര്‍ത്തിയാക്കിയവര്‍ക്ക് ഉപരി പഠനത്തിന് അവസരം

പട്ടിക്കാട്: ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജാമിഅഃ നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ സ്ഥാപനങ്ങള്‍ക്ക് ഈ അധ്യയന വര്‍ഷത്തോടെ തുടക്കമാവുമെന്ന് ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ അറിയിച്ചു. ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍, വിവിധ ഖിറാഅത്തുകളുടെ ഇജാസത്തുകള്‍ നല്‍കുന്നതോടൊപ്പം ദൃഢമായ മനഃപ്പാഠ ശേഷി ഉണ്ടാവുന്നതിനാവശ്യമായ ആവര്‍ത്തന പാരായണം മറ്റു പരിശീലനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കരിക്കുലം.

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സര വേദികളിലേക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക, ഖുര്‍ആന്‍ പഠന രംഗത്തെ അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങള്‍ ഉറപ്പു വരുത്തുക എന്നിവയും പദ്ധതിക്ക് കീഴിലുണ്ടാവും. ഹൈസ്‌കൂള്‍ പഠനം മുതല്‍ ഡിഗ്രി പഠനം വരെ നല്‍കുന്ന സെക്കണ്ടറി വിഭാഗത്തിന് ഏട്ടു വര്‍ഷവും എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് പ്രവേശനം നല്‍കുന്ന സീനിയര്‍ സെക്കണ്ടറി വിഭാഗത്തിന് ഏഴു വര്‍ഷവുമാണ് പഠന കാലാവധി.

യൂജി തലത്തില്‍ ഖുര്‍ആന്‍ നിദാന ശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, ഖുര്‍ആന്‍ ലിപികളും അനുബന്ധ പഠനങ്ങളും, മുതശാബിഹാത്തുല്‍ ഖുര്‍ആന്‍ എന്നിവയോടൊപ്പം പാരമ്പര്യ മത വിഷയങ്ങളും ബഹുഭാഷാ പാണ്ഡിത്യവും വിഭാവനം ചെയ്യുന്നതാണ് സിലബസ്. ഖുര്‍ആന്‍ പഠനത്തിനും ബഹുഭാഷ പരിജ്ഞാനത്തിനും സ്മാര്‍ട്ട് ക്ലാസ്‌റൂം, ലൈബ്രറി തുടങ്ങിയ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ പ്രാഥമികമായി ഒരുക്കിയ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.

യോഗത്തില്‍ ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, ടി.എച്ച് ദാരിമി, ഹാഫിള് അബ്ദുല്ല ഫൈസി, ഹാഫിള് ഇബ്‌റാഹീം ഫൈസി, മുജ്തബ ഫൈസി, ഹാഫിള് സല്‍മാന്‍ ഫൈസി സംബന്ധിച്ചു.
- JAMIA NOORIYA PATTIKKAD