വഖഫ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ട തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം: സമസ്ത ഇസ്‌ലാമിക് സെന്റർ

റിയാദ്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി മുഖേനയാക്കുന്നത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധിക്കാരപരമായ നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ ഓരോന്നായി ഹനിക്കപ്പെടുന്ന പ്രവണത, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും, ദേശീയ തലത്തില്‍ തന്നെ മത ന്യൂനപക്ഷങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വഖഫ് സ്വത്തുക്കള്‍ക്കുമെതിരെ വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുന്ന വിവേചനപരമായ ഈ നടപടിയില്‍ നിന്നും സർക്കാർ പിന്മാറണമെന്നും സമസ്തയുടെ ഔദ്യോഗിക പ്രവാസി പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണല്‍ കമ്മിറ്റി പ്രമേയത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എസ് ഐ സി സഊദി ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ച സിക്രട്ടറിമാരുടെ പ്രത്യേക യോഗത്തിൽ ഷാഫി ദാരിമി പുല്ലാര പ്രമേയം അവതരിപ്പിച്ചു. ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ സ്വാഗതവും വർക്കിങ് സിക്രട്ടറി റാഫി ഹുദവി നന്ദിയും പറഞ്ഞു.
- abdulsalam