ശംസുല്‍ ഉലമ അതുല്യനായ പണ്ഡിത പ്രതിഭ: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഇരുപതാം നൂറ്റാണ്ടുകണ്ട അതുല്യനായ പണ്ഡിത പ്രതിഭയാണ് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍. ആഴത്തിലുള്ള അറിവും വിലായത്തും ഒരേ സമയം സമന്വയിച്ച പണ്ഡിതനാണ് ശംസുല്‍ ഉലമയെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഇടപെടലുകളിലും പിന്‍തലമുറക്ക് പഠിക്കാനേറെയുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. ശംസുല്‍ ഉലമയുടെ ദീര്‍ഘകാലത്തെ സേവകനായിരുന്ന സി.കെ.കെ മാണിയൂര്‍ തയ്യാറാക്കിയ ശംസുല്‍ ഉലമയുടെ കൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ ഗോള്‍ഡ് കോ-ചെയര്‍മാനും വ്യവസായ പ്രമുഖനുമായ ഡോ.പി.എ ഇബ്‌റാഹീം ഹാജിക്ക് ആദ്യ കോപ്പി നല്‍കി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പുസ്തകം പ്രകാശനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ പുസ്തക പരിചയം നടത്തി. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, മൊയ്തു നിസാമി, റഷീദ് ബെളിഞ്ചം, ഉമര്‍ കോയ ഹാജി തിരൂര്‍ക്കാട്, ഇ.കെ ബാവ, സി.പി ഇഖ്ബാല്‍ സംബന്ധിച്ചു. അബ്ദുല്ലത്തീഫ് ഹുദവി പാലത്തുങ്കര നന്ദി പറഞ്ഞു.

ഫോട്ടോ: സി.കെ.കെ മാണിയൂര്‍ തയ്യാറാക്കിയ ശംസുല്‍ ഉലമയുടെ കൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഡോ.പി.എ ഇബ്‌റാഹീം ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
- LATHEEF PALATHUMKARA