മമ്പുറത്ത് ഇന്ന് പ്രാര്‍ത്ഥനാ സദസ്സ്; നാളെ കൊടിയിറക്കം

തിരൂരങ്ങാടി: 183-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്ന മഖാമില്‍ പ്രാര്‍ത്ഥനാ സദസ്സ് നടക്കും. നേര്‍ച്ച നാളെ കൊടിയിറങ്ങും. ഇന്ന് മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി അധ്യക്ഷനാകും. കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.

നാളെ ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മ് ദുആ സദസ്സോടെ ഓരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാവും. കോവിഡ് പ്രത്യേക സാഹചര്യത്തില്‍ ഇത്തവണയും സമാപന ദിവസത്തെ അന്നദാനമുണ്ടാകില്ല. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനത്തിന് ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകളായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ തയ്യാറാക്കിയിരുന്നത്.

നേര്‍ച്ച സമയങ്ങളില്‍ മഖാമിലെത്തുന്ന സന്ദര്‍ശകര്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് വരെ നിയന്ത്രണങ്ങളോടെ തീര്‍ത്ഥാടനം ചെയ്യാനുള്ള സൗകര്യം മഖാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി നടന്ന മതപ്രഭാഷണം ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
- Mamburam Andunercha