ജാമിഅഃ നൂരിയ്യയുടെ പ്രത്യേക പുരസ്‌കാരം വിഖായക്ക്

പെരിന്തല്‍മണ്ണ: പ്രളയ ദുരന്തമുഖത്തും മറ്റു സേവന മേഖലകളിലും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജാമിഅഃ നൂരിയ്യഃയുടെ പ്രത്യേക പുരസ്‌കാരം വിഖായക്ക് നല്‍കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. കേരളവും കര്‍ണ്ണാടകയുടെ വിവിധ പ്രദേശങ്ങളും പ്രളയത്തെ നേരിട്ടപ്പോഴും, കരിഞ്ചോലയിലെ ദുരന്ത വേളയിലും വിഖായയുടെ ജീവാര്‍പ്പണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളിലും വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ വേറിട്ടു നിന്നു. കോഴിക്കോട്ടെ കനോലി കനാലിന്റെ ശുചീകരണത്തിന് നേതൃത്വം നല്‍കിയതും വിഖായയായിരുന്നു. വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് വളണ്ടിയര്‍മാരുടെ ടീമും വിഖായയുടെ ഭാഗമായി നടക്കുന്നുണ്ട്.

ജാമിഅഃ നൂരിയ്യഃ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ബഹുജന ബോധവല്‍കരണ പരിപാടിയുടെ ഭാഗമായാണ് പുരസ്‌കാരം നല്‍കുന്നത്. ജനുവരി 11 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ജാമിഅഃ നൂരിയ്യയില്‍ നടക്കുന്ന എന്‍വിറോണ്‍മെന്റ് കോണ്‍ഫ്രന്‍സില്‍ വെച്ചാണ് പുരസ്‌കാരം നല്‍കുക.
- JAMIA NOORIYA PATTIKKAD