പൗരസത്യ ശാസ്ത്ര പഠനങ്ങള്‍ക്ക് ഗവേഷണ സംരംഭങ്ങള്‍ ഒരുക്കണം : കാലിക്കറ്റ് സര്‍വ്വകലാശാല സെമിനാര്‍

തേഞ്ഞിപ്പലം: പൗരസ്ത്യ രാജ്യങ്ങളിലെ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും സമകാലിക ഗവേഷണ രംഗത്ത് സജീവ ചര്‍ച്ചക്കു വിധേയമാക്കണമെന്നു അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാല സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിജ്ഞാന പ്രചരണത്തിലും ശാസ്ത്ര ഗവേഷണത്തിലും അനല്‍പമായ പങ്കാണ് അറബ് രാജ്യങ്ങളുള്‍പ്പെടെ പൗരസ്ത്യദേശങ്ങള്‍ വര്‍ഷങ്ങളിലൂടെ ലോകത്തിനു നല്‍കിയത്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും സിദ്ധാന്തങ്ങളുടേയും നേര്‍രേഖ വരച്ച ജ്ഞാന പ്രതിഭകളും അവരുടെ ഗവേഷണ സംരംഭങ്ങളും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. അറബ് ശാസ്ത്ര പണ്ഡിതന്‍ ഇബ്‌നു ഹൈഥമിന്റെ കിതാബുല്‍ മനാളിര്‍(ബുക്ക് ഓഫ് ഓപ്റ്റിക്‌സ്) രചനയുടെ ആയിരം വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് യുനസ്‌കോ ആവിഷ്‌കരിച്ച പ്രകാശ വര്‍ഷം 2015 നോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗവും എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റും ചേര്‍ന്നാണ് ദേശീയ സെമിനാര്‍ ഒരുക്കിയത്. ഊര്‍ജ്ജതന്ത്രത്തില്‍ അഗാധ ജ്ഞാനം പകരുന്ന ഇബ്‌നു ഹൈഥമിന്റെ പ്രകാശ സിദ്ധാന്തങ്ങളുടെ അമൂല്യരചനയാണ് കിതാബുല്‍ മനാളിര്‍. ആധുനിക ശാസ്ത്ര ഗവേഷണ രംഗത്ത് വെളിച്ചം വീശുന്ന ഗ്രന്ഥം സമകാലിക ശാസ്ത്ര പഠന രംഗത്ത് അമൂല്യ സംഭാവനയാണെന്നും പൗരസ്ത്യ ശാസ്ത്ര പണ്ഡിതരുടെ ഇത്തരം കൃതികള്‍ അക്കാദമിക് തലത്തില്‍ ആവശ്യമായ ചര്‍ച്ചതേടുന്നതായി ഇബ്‌നു ഹൈഥം ശാസ്ത്ര സംഭാവനകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.സര്‍വ്വകലാശാല സെമിനാര്‍ ഹാളില്‍ നടന്ന ദേശീയ സെമിനാര്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനിക രംഗത്ത് യൂറോപ്പിനെ അടിസ്ഥാനമാക്കിയുള്ള പഠന ഗവേഷണ സംമ്പ്രദായമാണ് നാം അനുധാവനം ചെയ്യുന്നത്. പൗരസ്ത്യ അറബ് ലോകത്തിന്റെ സമ്പന്നമായ വൈജ്ഞാനിക ധാരകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമാണ് നിര്‍ദ്ദിഷ്ഠ അറബിക്ക് സര്‍വകലാശാലകളിലൂടെ സാധ്യമാക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ:ഖാദര്‍ മങ്ങാട് അധ്യക്ഷനായി. ട്രന്റ് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ.യു സൈതലവി, ഡോ. എ ബി മൊയ്തീന്‍ കുട്ടി ഡോ. അലവിക്കുട്ടി, ഡോ. മുസ്ഥഫ ഫാറൂഖി, എസ് വി മുഹമ്മദലി ഡോ എല്‍ തോമസ് കുട്ടി, ഡോ. വി സുലൈമാന്‍ സിണ്ടിക്കേറ്റ് അംഗം സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, കോഡിനേറ്റര്‍ അബ്ദുല്‍ മജീദ് ടി, ഡോ.അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.
പ്ലീനറി സെഷനില്‍ കാലിക്കറ്റ് സര്‍വകലാശാല എമിരറ്റ്‌സ് പ്രൊഫസര്‍ ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍ അധ്യക്ഷനായി. കുസാറ്റ് എമിരറ്റ്‌സ് പ്രൊഫസര്‍ വി.പി.എന്‍ നമ്പൂരി , ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തി.അറബ് ലോകത്തിന്റെമൗലികവും യുക്തി ഭദ്രവുമായ ശാസ്ത്ര സംഭാവനകല്‍ ലോക പൈതൃകത്തിന്റെ ഭാഗമാണെന്നും അതു ലോകത്തിന്റെ പൊതുസ്വത്താണെന്നും വി.പി നമ്പൂരി അഭിപ്രായപ്പെട്ടു. കോഴി്‌ക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അതിഥികളായി. സുപ്രഭാതം സി.ഇ.ഒ. മുസ്തഫ മുണ്ടുപാറ,ശാഹുല്‍ഹമീദ് മേല്‍മുറി,ഡോ.മുഹമ്മദുണ്ണി എന്ന മുസ്തഫ,സുഹൈര്‍ അലി കെ.ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.റിയാസ് നരിക്കുനി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു. പഠന സെഷനില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഫിസിക്‌സ് വിഭാഗം മേധാവി ഡോ.എം.മുഹമ്മദ് മുസ്ഥഫ അധ്യക്ഷനായി.അബ്ദുല്‍ വാഹിദ് കെ, ഡോ.അബ്ദുല്‍കരീം, മുഹമ്മദ് ശഫീഖ് വി, ജുനൈദ് ആലം ഹുദവി, ശബീര്‍ ഹസനി, ഖയ്യൂം കടമ്പോട്, മുഹമ്മദ് സഈദ്,ജാബിര്‍ സി.പി, സബാസ് പി പ്രബന്ധമവതരിപ്പിച്ചു. റഹീം ചുഴലി സ്വാഗതവും അലി.കെ.വയനാട് നന്ദിയും പറഞ്ഞു.
വൈകീട്ട നടന്ന സമാപന സെഷനില്‍ അറബിക് വിഭാഗം മേധാവി ഡോ.എ.ബി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസംഗിച്ചു.രജിസ്ട്രാര്‍ ടി.എ.അബ്ദുല്‍ മജീദ് അവാര്‍ഡ്ദാനം നടത്തി. വി.കെ.എച്ച് റശീദ് സ്വാഗതവും റശീദ് കംബ്ലക്കാട് നന്ദിയും പറഞ്ഞു. സെമിനാറിന്റെ ‘ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രബന്ധ രചന, പ്രസന്റേഷന്‍ മത്സരങ്ങള്‍ എന്നിവയും നടന്നു.