തഹ്സീനുല്‍ ഖിറാഅഃ ഇതര സംസ്ഥാനങ്ങളിലെ പരിശീലനം ആരംഭിച്ചു

കടപ്പ/ഹാവേരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടപ്പാക്കിവരുന്ന തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് കേരളേതര സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. ഖുര്‍ആന്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുഅല്ലിംകള്‍ക്ക് പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന തഹ്സീനുല്‍ ഖിറാഅഃ പരിശീലനം വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്നത്. കേരളത്തില്‍ അരലക്ഷത്തോളം വരുന്ന മുഅല്ലിംകള്‍ ഇതിനകം പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കോഴ്സിന്റെ ഭാഗമായി പ്രത്യേകം പരീക്ഷയും സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ആസാം, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാദിയ മദ്റസകളിലെ മുഅല്ലിംകള്‍ക്കാണ് സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലായി തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് നടത്തുന്നത്. ഒന്നാം ഘട്ടമായി കര്‍ണ്ണാടക, അന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ സെന്ററുകളില്‍ കഴിഞ്ഞ ദിവസം പരീശീലനം ആരംഭിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മുജവ്വിദുമാരായ ഇസ്മായില്‍ ഹുദവി ഏഴൂര്‍, ടി. അബ്ദുല്‍കരീം മുസ്ലിയാര്‍ ആമനങ്ങാട്, മുസ്തഫ ഹുദവി കൊടുവള്ളി, റിയാസ് മുസ്ലിയാര്‍ നായന്മാര്‍മൂല എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആന്ധ്രപ്രദേശിലെ നന്ദ്യാല്‍, അല്ലാഗഡ്ഡ, ചകല്‍മാരി, പൂര്‍മമില്ല, കര്‍ണാടകയിലെ ഹാവേരി, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്.
- Samasthalayam Chelari