Showing posts with label Korea. Show all posts
Showing posts with label Korea. Show all posts

സിയോളിലെ ലോക മത സമാധാന സമ്മേളനം; ഡോ.ബഹാഉദ്ദീന്‍ നദ്‌വി പങ്കെടുക്കും

മലപ്പുറം : ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെവന്‍ലി കള്‍ച്ചര്‍, വേള്‍ഡ് റിലീജ്യന്‍, പീസ് റീസ്റ്റോറേഷന്‍ ഓഫ് ലൈറ്റ് ( എച്ച്, ഡബ്ലിയു.പി.എല്‍) ന്റെ ലോക മത സമാധാന സമ്മേളനത്തിനു നാളെ സിയോളില്‍ തുടക്കമാവും. യൂദ്ധ ഭൂമികളില്‍ സമാധാനജീവിതം പുനഃസ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ യൂത്ത് പീസ് ഗ്രൂപ്പിനു കീഴിലുള്ള കൊറിയയിലെ ഹെവന്‍ലി കള്‍ച്ചറും ബെര്‍ലിന്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കള്‍ച്ചറല്‍ ഡിപ്ലോമസി (ഐ.സി.ഡി)യും സംയുക്തമായി നടത്തുന്ന സമ്മേളനത്തില്‍ ആഗോള മത പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദിന്‍ നദ്‌വി ഇന്ത്യയില്‍ നിന്നുള്ള വിശിഷ്ടാതിഥിയായിരിക്കും.
സെപ്തംബര്‍ 16 മുതല്‍ 19 വരെ തലസ്ഥാന നഗരമായ സിയോളിലെ ഒളിമ്പിക് സ്റ്റേഡിയത്തലാണ് സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതനേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ സെന്‍ട്രല്‍ അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ട്ടിന്‍ ദി ജെസൂസ് ബറഹോന, ഈജ്പ്ത് ഗ്രാന്റ് മുഫ്തി അല്ലാമ ഷൗഖി ഇബ്രാഹീം അബ്ദുല്‍ കരീം, വേള്‍ഡ് ജ്യൂയിഷ് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് റബ്ബി യോക്കോവ് ബ്ലീച്ച്, ചിക്കോഗോയിലെ ബുദ്ധ വിഹാര സ്ഥാപകന്‍ ഡോ. അശിന്‍ ന്യാനിസ്സാര തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനും മതങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ നിര്‍ത്തലാക്കുന്നതിനുമായി 2012 ലാണ് ഹെവന്‍ലി കള്‍ച്ചര്‍ സ്ഥാപിച്ചത്.
കൊറിയന്‍ പര്യടനത്തിനു ശേഷം 20 ന് ഹോങ്‌കോങിലെത്തുന്ന നദ്‌വി ഹോങ് കോങിലെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ നടത്തപ്പെടുന്ന പൊതു പരിപാടിയിലും പങ്കെടുക്കും.
- Darul Huda Islamic University