സമസ്ത പ്രവാസി സെല്‍ 100 പേര്‍ക്ക് ജീവനോപാധികള്‍ക്ക് സഹായം നല്‍കും

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന 100 പേര്‍ക്ക് ജീവനോപാധികള്‍ക്കുള്ള സഹായം നല്‍കും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന സമ്മേളനം 2023 ഡിസംബറില്‍ നടത്തും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന മീറ്റില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.

കാളാവ് സൈതലവി മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന കണ്‍വീനര്‍ സ്ഥാനത്തേക്ക് മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞു ഹാജിയെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട് ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.

സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, സിദ്ദീഖ് നദ്‌വി ചേറൂര്‍, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, കെ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുസ്ഥഫ ബാഖവി കോഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, റാശിദ് ഗസ്സാലി വയനാട്, പ്രവാസി ക്ഷേമനിധി മെമ്പര്‍ രാഗേഷ് എന്നിവര്‍ ക്ലാസെടുത്തു. സമസ്ത പ്രവാസി സെല്‍ വര്‍ക്കിംങ് കണ്‍വീനര്‍ ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതവും മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL