"രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍"; SKSSF മനുഷ്യജാലിക ഇന്ന് 40 കേന്ദ്രങ്ങളില്‍

കോഴിക്കോട്: റിപ്പബ്ലിക് ദിനമായ ഇന്ന് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി 40 കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കും. 
"രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന സന്ദേശവുമായി പത്താമത് മനുഷ്യ ജാലികയാണ് ഈ വര്‍ഷം നടക്കുന്നത്. ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന വര്‍ഗീയ തീവ്രവാദ പ്രവണതക്കെതിരേയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക. 
കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് റാലിയും തുടര്‍ന്ന് 4 മണിക്ക് പൊതുസമ്മേളനവും നടക്കും. 
സമസ്ത-എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്ക് പുറമെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പരിപാടിയില്‍ സംബന്ധിക്കും.
ദേശീയോദ്ഗ്രഥന ഗാനാലാപനവും പ്രതിജ്ഞയും പ്രമേയ പ്രഭാഷണവും നടക്കും. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലും വിദേശത്ത് സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും നടക്കും.
മനുഷ്യ ജാലിക വിജയിപ്പിക്കാന്‍ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സമസ്ത  പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.