''മുഹമ്മദന്‍ ലോ'' യും, ശരീഅത്തും, നിയമപരിരക്ഷയും : പിണങ്ങോട് അബൂബക്കര്‍

ബ്രട്ടന്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളും, സമ്പ്രദായങ്ങളും അവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിംകള്‍ക്ക് സിവില്‍, ക്രമിനല്‍ നിയമങ്ങള്‍ മതാധിഷ്ടിതമായി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ ജഡ്ജിമാര്‍ക്ക് ഭരണകൂടം അധികാരം നല്‍കി.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള കോടതികളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കാന്‍ മുസ്‌ലിം പണ്ഡിതരെ നിയമിച്ചു കൊടുത്തിരുന്നു. 1864 അത്തരം പണ്ഡിതന്മാര്‍ക്ക് ഉപദേശസമിതി സ്ഥാനം നല്‍കിയിരുന്നു. പത്താം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പലവകുപ്പുകളും കൂട്ടി ചേര്‍ത്ത് നിയമം നടപ്പിലാക്കി അതോടെ ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലാതായി. 1860 ബ്രിട്ടീഷ് നിയമമനുസരിച്ചുള്ള പീനല്‍കോഡ് നടപ്പിലാക്കിയതോടെ മുഹമ്മദന്‍ ക്രിമിനല്‍ ലോ പൂര്‍ണ്ണമായും ഇല്ലാതായി.
എന്നാല്‍ അവരുടെ സിവില്‍ നിയമങ്ങള്‍ പരിരക്ഷിക്കപ്പെട്ടു. അഞ്ച് സരണികള്‍ സ്വീകരിച്ചായിരുന്നു സിവില്‍ വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചിരുന്നത്. ഹനഫി, ശാഫി, മാലികി, ഹമ്പലി സരണിയും ശീഈ മുസ്‌ലിംകള്‍ക്ക് ജഅ്ഫരി സരണിയും സ്വീകരിക്കപ്പെട്ടു.
ഫതാവാ ആലംങ്കീരി, ഫതാവാ ഖാദീഖാന്‍ തുടങ്ങിയ പ്രാമാണിക ഹനഫി കര്‍മ്മശാസ്ത്ര സരണികള്‍ ഇംഗ്ലീഷില്‍ മൊഴിമാറ്റം ചെയ്തു ജഡ്ജിമാര്‍ വിധികള്‍ക്ക് റഫറന്‍സായി ഉപയോഗിച്ചുവന്നു.
വിവാഹം, മഹ്‌റ്, സ്വത്തവകാശം, വിവാഹ മോചനം, മൈനര്‍മാരുടെ സംരക്ഷണം, വസ്വിയത്ത്, ദാനം തുടങ്ങിയ വ്യക്തിനിയമങ്ങള്‍ക്ക് മുസ്‌ലിംകള്‍ക്ക് ശരീഅത്തിന്റെ സംരക്ഷണം ലഭിച്ചുവന്നു.
മുഹമ്മദന്‍ ലോയില്‍ കാലിക പരിഷ്‌കരണങ്ങള്‍ വേണമെന്ന് സര്‍ സയ്യിദ് അഹമദ്ഖാന്‍ (1817-1898) അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ (1875-1938) ആവശ്യപ്പെട്ടിരുന്നു. കല്‍ക്കത്ത കോടതി ജഡ്ജിയായിരുന്ന അമീര്‍ അലി (1894-1928) മുസ്‌ലിം വഖഫ് സംബന്ധിച്ച് അമുസ്‌ലിം ജഡ്ജിമാരുടെ വിധിയും, നിരീക്ഷണവും വരുത്തിവെക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടികാണിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായി. 1887ല്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ചില പരിഷ്‌കരണങ്ങളോടെ രണ്ട് വാള്യങ്ങളായി മുഹമ്മദന്‍ ലോയില്‍ ചേര്‍ക്കപ്പെട്ടു.
സിങ്കപ്പൂര്‍, മലേഷ്യ, പാകിസ്ഥാന്‍, കിഴക്കന്‍ പാകിസ്ഥാന്‍ (ബംഗ്ലാദേശ്) തുടങ്ങിയ ബ്രിട്ടീഷ് ആധിപത്യമുള്ള എല്ലായിടങ്ങളിലും മുസ്‌ലിം ന്യൂനപക്ഷത്തിന് അവരുടെ വ്യക്തി നിയമങ്ങളില്‍ ശരീഅത്തിന്റെ പരിരക്ഷ ലഭിച്ചിരുന്നു.