ഹജ്ജ്‌ ഹൌസ്‌ ഒരുങ്ങി; തീര്‍ത്ഥാടകര്‍ നാളെ ക്യാംപിലെത്തും; ആദ്യവിമാനം ബുധനാഴ്‌ച

പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോവുന്ന തീര്‍ത്ഥാടകര്‍ നാളെ മുതല്‍ ഹജ്ജ്‌ ക്യാംപില്‍ എത്തിത്തുടങ്ങും. ആദ്യവിമാനം ബുധനാഴ്‌ച രാവിലെ 9.05ന്‌ ആണ്‌ കരിപ്പൂരില്‍നിന്നു പുറപ്പെടുക. ഈ വിമാനത്തില്‍ പോവുന്ന 300 തീര്‍ത്ഥാടകരാണു ചൊവ്വാഴ്‌ച ക്യാംപിലെത്തുക. ക്യാംപ്‌ ബുധനാഴ്‌ച രാവിലെ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഹജ്ജ്‌ ഹൌസും പരിസരവും ഒരുങ്ങി. വിപുലമായ സൌകര്യങ്ങളാണ്‌ ഒരുക്കിയത്‌. ഭക്ഷണ, താമസം പ്രാര്‍ഥന എന്നിവയ്ക്കായി സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സൌകര്യമുണ്‌ട്‌. യാത്രയാക്കാനെത്തുന്നവര്‍ക്ക്‌ പ്രത്യേക ഇരിപ്പിടവും സ്ഥാപിച്ചു. മെഡിക്കല്‍ സൌകര്യങ്ങളും ക്യാംപില്‍ലഭിക്കും. പോലിസും അഗ്നിശമനസേനയും 24 മണിക്കൂറും..
ഉണ്‌ടായിരിക്കും. ബാഗേജുകള്‍ സ്വീകരിക്കുന്ന കൌണ്‌ടറും രജിസ്‌ട്രേഷന്‍ കൌണ്‌ടറും അടുത്തടുത്തായാണ്‌ ഒരുക്കിയത്‌. രാവിലെ പുറപ്പെടുന്ന വിമാനത്തിലെ തീര്‍ത്ഥാടകരോട്‌ തലേന്നു വൈകീട്ടും വൈകുന്നേരം പുറപ്പെടുന്നവരോട്‌ അന്നു രാവിലെ ആറുമണിയോടെയും ക്യാംപില്‍ റിപോര്‍ട്ട്‌ ചെയ്യാനാണ്‌ ആവശ്യപ്പെട്ടത്‌.
എമിഗ്രേഷന്‍, കസ്‌റ്റംസ്‌ പരിശോധനകള്‍ക്കായി പ്രത്യേക കൌണ്‌ടര്‍ ഒരുക്കിയിട്ടുണ്‌ട്‌. ഹജ്ജ്‌ സെല്‍ ഉദ്യോഗസ്ഥര്‍ മുഖേന പാസ്‌പോര്‍ട്ടും മറ്റു രേഖകളും കൈമാറും. 8,754 പേരാണ്‌ ഈ വര്‍ഷം കരിപ്പൂര്‍ വഴി ഹജ്ജിനു പോവുക. ബുധനാഴ്‌ച മുതല്‍ അടുത്തമാസം ഒമ്പതു വരെ 29 വിമാനസര്‍വീസുകളാണു സൌദിഅറേബ്യന്‍ എയര്‍ലൈന്‍സ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. ലക്ഷദ്വീപില്‍നിന്നുള്ള 311 പേരും മാഹിയില്‍നിന്നുള്ള 59 പേരും കരിപ്പൂര്‍ വഴിയാണു പോവുന്നത്‌. അവസരം ലഭിച്ചവരില്‍ 202 പേര്‍ യാത്ര റദ്ദാക്കിയിട്ടുണ്‌ട്‌.